നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ശാസ്ത്രീയമായി പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പരിശോധിക്കേണ്ടതില്ല എന്ന വിചാരണ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിച്ച് അക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നും കോടതി പറഞ്ഞു. രണ്ട് ദിവസത്തിനകം സംസ്ഥാന ഫൊറന്‍സിക് ലാബിലേക്ക് മെമ്മറി കാര്‍ഡ് അയക്കണം. 7 ദിവസത്തിനുള്ള പരിശോധനാഫലം കോടതിക്ക് കൈമാറണം. സീല്‍ വച്ച കവറിലാണ് പരിശോധനാഫലം കോടതിക്ക് കൈമാറേണ്ടതെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, കോടതിയുടെ കസ്റ്റഡിയിലെത്തിയ ശേഷമാണ് ഹാഷ് വാല്യുവിന് മാറ്റം വന്നതെങ്കില്‍ അത് അന്വേഷിക്കാന്‍ പോലീസിന് അധികാരമില്ല. എന്നാല്‍, പ്രോസിക്യൂഷന്‍ അവകാശപ്പെടുന്ന സാഹചര്യത്തില്‍ പരിശോധനയ്ക്ക് അയക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിചാരണയോ തുടരന്വേഷണമോ നീട്ടിക്കൊണ്ടുപോകരുതെന്നും കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചിട്ടുണ്ട്.

കോടതിയുടെ പക്കലുണ്ടായിരുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായി വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിന്റെയോ കോടതിയുടെയോ അനുമതിയില്ലാതെ കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ആരോ പരിശോധിച്ചു എന്ന് വ്യക്തമായതോടെ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രംഗത്തെത്തിയിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നോ എന്ന് പരിശോധിക്കണമെന്നും ഇതിനായി ശാസ്ത്രീയ പരിശോധന വേണമെന്നും ആയിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.