മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവായി അജിത് പവാര്‍

മുംബൈ: മുതിര്‍ന്ന എന്‍സിപി നേതാവ് അജിത് പവാറിനെ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി എന്‍സിപി മാറിയെന്നും അജിത് പവാര്‍ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുമെന്നും സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ അറിയിച്ചു. വിമത ശിവസേന നേതാക്കള്‍ക്കൊപ്പം ബിജെപി മഹാരാഷ്ട്രയില്‍ അധികാരമേറ്റതിന് പിന്നാലെയാണ് അജിത് പവാര്‍ പ്രതിപക്ഷ നേതാവാകുന്നത്.

അതേസമയം, അജിത് പവാര്‍ പക്വതയുള്ള രാഷ്ട്രീയക്കാരനും ഭരണാധികാരിയുമാണെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ഷിന്‍ഡെ ഒരുവിഭാഗം നേതാക്കളുമായി ചേര്‍ന്ന് കലാപക്കൊടി ഉയര്‍ത്തിയതോടെയായിരുന്നു മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. രണ്ടാഴ്ചയോളം നീണ്ട് നിന്ന രാഷ്ട്രീയനാടകത്തിന് പിന്നാലെ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ രാജിവെക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബിജെപിക്കൊപ്പം ചേര്‍ന്ന് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

കഴിഞ്ഞദിവസം നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 164 വോട്ടുകളാണ് ബിജെപി – ഷിന്‍ഡെ വിഭാഗത്തിന് ലഭിച്ചത്. ശിവസേന എംഎല്‍എ രാജന്‍ സാല്‍വിയാണ് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. 107 വോട്ടാണ് സാല്‍വിക്ക് ലഭിച്ചത്.