പി സി ജോർജിനെതിരെ പീഡന പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ട്; കേസിന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് കോടതി

തിരുവനന്തപുരം: പി സി ജോർജിനെതിരെ പീഡന പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി കോടതി. പി സി ജോർജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കേസിന്റെ വിശ്വാസ്യതയിൽ കോടതി സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയുണ്ടെന്നും പരാതി നൽകാൻ 5 മാസം വൈകിയതിന് കൃത്യമായ കാരണം ബോധിപ്പിക്കാനായിട്ടില്ലെന്നും കോടതി അറിയിച്ചു.

ഇത്തരം നിയമ നടപടികളെ കുറിച്ച് ധാരണയുള്ളയാളാണ് പരാതിക്കാരിയെന്നും കോടതി ചൂണ്ടിക്കാട്ടി. പി സി ജോർജിനെ അറസ്റ്റ് ചെയ്യുന്ന വേളയിൽ സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കോടതി പറഞ്ഞു. പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീംകോടതി നിർദേശം ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നും കോടതി അഭിപ്രായപ്പെട്ടു. തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിക്കുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്‌തെന്നായിരുന്നു പി സി ജോർജിനെതിരെ പരാതിക്കാരി നൽകിയ പരാതി.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പിസി ജോർജിനെതിരായ കേസ്. 354, 354(A) വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്.