കെ-റെയിലിന് അനുമതി; അശ്വനി വൈഷ്ണവിന് കത്തയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കെ- റെയില്‍ പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 2021 ഓഗസ്റ്റ് 16ന് നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്തുവന്നു.

കെ റെയിലിന് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. 17/06/2020ല്‍ പദ്ധതിയുടെ ഡി.പി.ആര്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 13/07/2021ല്‍ മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെയും റെയില്‍വേ മന്ത്രിയെയും കണ്ടിരുന്നതായും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കെ റെയില്‍ പദ്ധതിക്കായി 2020 ഡിസംബര്‍ 24ന് അന്നത്തെ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചിരുന്നതും പുതിയ കത്തില്‍ സൂചിപ്പിക്കുന്നു.

അതേസമയം, പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ജൂണ്‍ രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ വിളിച്ച എംപിമാരുടെ യോഗത്തിലേക്ക് 283 പേജുള്ള അജണ്ടയാണ് നല്‍കിയത്. ഈ അജണ്ടയില്‍ 251ാംമത്തെ പേജിലാണ് ഗവര്‍ണറുടെ കത്ത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ നല്‍കിയ കത്ത് പുറത്തുവന്നത്.