വ്യാപക അക്രമം അഴിച്ചുവിടാന്‍ ഗാന്ധിജിയുടെ ചിത്രം പോലും ഉപയോഗപ്പെടുത്തി; കോണ്‍ഗ്രസിനെതിരെ കടകംപള്ളി

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ നടന്ന അക്രമത്തില്‍ വളരെ സമാധാനപരമായിട്ടാണ് സിപിഎം പ്രതിഷേധം നട്തതിയതെന്ന് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍.എ പറഞ്ഞു. എ കെ ജി സെന്ററിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടകംപള്ളി സുരേന്ദ്രന്റെ വാക്കുകള്‍

സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ച് നാളായി നടക്കുന്നത്. അതിന്റെ ഭാഗമാണ് എകെജി സെന്ററിന് നേരെയുള്ള ആക്രമണം. പാര്‍ട്ടിയെ ജീവന് തുല്യം സ്‌നേഹിക്കുന്ന ജനങ്ങള്‍ അതില്‍ പ്രകോപിതരാകുമെന്ന് അവര്‍ക്ക് അറിയാം. ഒരു കെണി ഒരുക്കുകയാണ് ചെയ്തത്. ഞങ്ങള്‍ അതില്‍ വീണില്ല. വ്യാപകമായിട്ട് അക്രമം അഴിച്ചു വിടുന്നതിന് ഗാന്ധിജിയുടെ ചിത്രം പോലും ഉപയോഗപ്പെടുത്തി. എകെജി സെന്ററിന് നേരെ നടന്ന അക്രമം വളരെ സമാധാനപരമായി പ്രതിഷേധിക്കാനാണ് സിപിഎം തീരുമാനിച്ചത്. അപൂര്‍വം ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത് ഒഴിച്ചാല്‍ ആ തീരുമാനം സിപിഎം നടപ്പിലാക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടന്ന അക്രമം പോലും അപലപിക്കേണ്ടതാണ്. കോണ്‍ഗ്രസുകാരും യുഡിഎഫ് പ്രവര്‍ത്തകരുടെയും ദുഷ്ചെയ്തികളുടെ നീണ്ട നിര തന്നെ കാണാം. അതിലൊന്നാണ് ചീമേനി. കോണ്‍ഗ്രസുകാരുടെ പൈശാചിക രാഷ്ട്രീയ വൈരാഗ്യത്തില്‍ ചുട്ടെരിയിച്ചത് അഞ്ചു സഖാക്കന്മാരുടെ ജീവനാണ്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലയ്ക്ക് കാരണക്കാരായ കോണ്‍ഗ്രസുകാരാണ് ഇപ്പോള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി വരുന്നത്. സെമികേഡര്‍ എന്നാല്‍ കൊലപാതക രാഷ്ട്രീയമാണെന്നും ഗുണ്ടായിസമാണെന്നും ആരെയും അക്രമിക്കാനുള്ള അംഗീകാരമെന്നുമാണ് കോണ്‍ഗ്രസുകാര്‍ കരുതിയിരിക്കുന്നത്. ജനങ്ങളില്‍ നിന്നും പൂര്‍ണമായും ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അവര്‍. ഇപ്പോഴും ബിരിയാണി ചെമ്ബിന് പിന്നാലെയാണ് കോണ്‍ഗ്രസുകാര്‍.