കെ.സി വേണുഗോപാലിനെതിരെ സിബിഐ; ഡിജിറ്റല്‍ തെളിവ് നിര്‍ണായകമാവുമോ?

തിരുവനന്തപുരം: പി.സി ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ.സി വേണുഗോപാലിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ തട്ടിപ്പുകാരി സിബിഐയ്ക്ക് കൈമാറി. 2012 മേയില്‍ അന്ന് മന്ത്രിയായിരുന്ന എ.പി.അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് വേണുഗോപാല്‍ തന്നെ പീഡിപ്പിച്ചെന്നാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ടൂറിസം പദ്ധതിക്ക് സഹായം തേടി അനില്‍കുമാറിനെ കാണാനെത്തിയപ്പോള്‍ ദുരനുഭവമുണ്ടായെന്നും മന്ത്രി മന്ദിരത്തില്‍നിന്ന് കരഞ്ഞുകൊണ്ട് തിരികെ ഇറങ്ങി വരുമ്‌ബോള്‍ ഡ്രൈവര്‍ മൊബൈലില്‍ എടുത്തതാണെന്നും അവകാശപ്പെട്ടാണ് പരാതിക്കാരി ദൃശ്യങ്ങള്‍ സിബിഐയ്ക്ക് കൈമാറിയത്.

അതേസമയം, വേണുഗോപാലിനു പുറമെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാരായ ഹൈബി ഈഡന്‍, അടൂര്‍പ്രകാശ്, മുന്‍ മന്ത്രിയും എംഎല്‍എയുമായ എ.പി.അനില്‍കുമാര്‍, ബിജെപി അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരെയും സിബിഐ പ്രതികളാക്കി കേസുകളെടുത്തിട്ടുണ്ട്. വേണുഗോപാലിനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഉമ്മന്‍ ചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഹൈബി ഈഡനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, അടൂര്‍ പ്രകാശിനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകേ നടന്ന് ശല്യംചെയ്യല്‍ എന്നിങ്ങനെയാണ് കേസുകള്‍. അബ്ദുള്ള കുട്ടിക്കെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി ശല്യം ചെയ്യല്‍, വധഭീഷണി മുഴക്കല്‍ എന്നീ കുറ്റങ്ങളാണുള്ളത്. അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതിനെത്തുടര്‍ന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ കേസില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ നാലരമണിക്കൂര്‍ സിബിഐ പരിശോധന നടത്തിയിട്ടുണ്ട്. ഹൈബി ഈഡനെതിരായ കേസില്‍ എംഎല്‍എ ഹോസ്റ്റലിലും പരിശോധന നടത്തി.

എന്നാല്‍, ജോസ് കെ. മാണിക്കും അബ്ദുള്ളക്കുട്ടിക്കുമെതിരെ ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ ക്രൈംബ്രാഞ്ച് നേരത്തേ നടത്തിയ അന്വേഷണത്തില്‍ തെളിയിക്കാനായിരുന്നില്ല. മലപ്പുറം, ഇടുക്കി ജില്ലകളിലെ ടൂറിസം പദ്ധതികളുടെ കാര്യംപറയാന്‍ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് അനില്‍കുമാറിനെതിരായ മൊഴി.