ഗാന്ധി ചിത്രം തകർത്തതില്‍ എസ്എഫ്ഐയ്ക്ക് പങ്കില്ലെന്ന റിപ്പോർട്ട് സഭയിൽ വെച്ചത് ചട്ടലംഘനം; രൂക്ഷ വിമർശനവുമായി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം താഴെയിട്ടതിൽ എസ്എഫ്‌ഐക്ക് പങ്കില്ലെന്ന പോലീസ് റിപ്പോർട്ടിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യന്ത്രിക്ക് എങ്ങനെ അന്വേഷണ റിപ്പോർട്ട് ലഭിച്ചുവെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു.

ആ റിപ്പോർട്ട് സഭയിൽ വെച്ചത് ചട്ടലംഘനമാണെന്നും അദ്ദേഹം വിമർശിച്ചു. അന്വേഷണം നടക്കുന്ന കേസിന്റെ വിവരങ്ങൾ ശേഖരിക്കാൻ അധികാരം കോടതിക്ക് മാത്രമാണ്. ഗാന്ധി ചിത്രം തകർത്തത് എസ്എഫ്‌ഐക്കാർ തന്നെയെന്നാണ് വിശ്വാസം. ചോദ്യം ചോദിക്കാൻ എഴുന്നേൽക്കുന്നവരെ മുഖ്യ മന്ത്രി കണ്ണുരുട്ടി പേടിപ്പിക്കുന്നു.എത്ര പേടിപ്പിക്കാൻ ശ്രമിച്ചാലും ചോദ്യങ്ങൾ ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാഹുൽഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകർത്തതിൽ എസ്എഫ്‌ഐക്ക് പങ്കില്ലെന്ന പോലീസ് റിപ്പോർട്ട് വിശ്വസനീയമല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കഥക്ക് പോലീസ് ഒരുക്കിയ തിരക്കഥയാണ് ഗാന്ധി ചിത്രം തകർത്തതിന് പിന്നിലെ പ്രചാരണം. എസ്എഫ്‌ഐക്കാർ ഓഫീസിൽ കയറിയത് പിന്നിലൂടെയാണ്. അക്രമികളെ പോലീസ് പുറം തട്ടി പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളുണ്ട്. അക്രമ സംഭവം നടക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകർ അവിടെയില്ലായിരുന്നു.ഓഫീസ് സ്റ്റാഫുകളെ മർദ്ദിച്ചവശരാക്കി.കേസെടുക്കുമെന്ന് പേടിപ്പിക്കേണ്ടെന്നും അദ്ദേഹം അറിയിച്ചു.

എസ്ഡിപിഐക്കാർ എ കെ ജി സെന്ററിലെത്തിയതിനെ കുറിച്ച് സിപിഎം വിശദീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.