സ്മാര്‍ട്ട് മീറ്റര്‍ സംവിധാനവുമായി കെഎസ്ഇബി; മീറ്റര്‍ റീഡര്‍മാരുടെ ഒഴിവുകള്‍ പി.എസ്.എസിക്ക് റിപ്പോര്‍ട്ട് ചെയ്യില്ല

തിരുവനന്തപുരം: ഹൈടെക്ക് ആകാനൊരുങ്ങി കെഎസ്ഇബി. ഇതിന്റെ ഭാഗമായി ഇനി മീറ്റര്‍ റീഡര്‍മാരെ നിയമിക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ്. സ്മാര്‍ട്ട് മീറ്റര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിനാല്‍ മീറ്റര്‍ റീഡര്‍മാരുടെ ഒഴിവുകള്‍ ഇനി പി.എസ്.സി.യെ അറിയിക്കേണ്ടതില്ല. കഴിഞ്ഞദിവസം നിയമസഭയില്‍ ചോദ്യത്തിന് ഉത്തരമായി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഇത് നിയമന നിരോധനമാണെന്നും സര്‍ക്കാര്‍ ഈ തീരുമാനത്തില്‍നിന്ന് പിന്മാറണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു. 2014-ലാണ് മീറ്റര്‍ റീഡര്‍മാരെ നിയമിക്കാന്‍ പി.എസ്.എസി വിജ്ഞാപനം വന്നത്. 2016-ല്‍ പരീക്ഷ നടത്തി. 2021 മാര്‍ച്ചില്‍ 600 പേരെ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി 436 മീറ്റര്‍ റീഡര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 218 പേരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്തു. വന്‍തുക ചെലവിട്ട് ഒറ്റയടിക്ക് സ്മാര്‍ട്ട് മീറ്റര്‍ ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നായിരുന്നു അന്ന് വൈദ്യുതിബോര്‍ഡിന്റെ സമീപനം.

എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്മാര്‍ട്ട് മീറ്റര്‍ ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. ഭാവിയില്‍ മീറ്റര്‍ റീഡര്‍മാരെ ആവശ്യമില്ലാത്തതിനാല്‍ ശേഷിക്കുന്ന 218 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്നും തീരുമാനിച്ചു. ഈ ജോലിക്കായി കാത്തിരുന്ന് മറ്റു പരീക്ഷകള്‍ എഴുതാനുള്ള പ്രായപരിധി കഴിഞ്ഞവരാണ് റാങ്ക് ലിസ്റ്റില്‍ ഏറെപ്പേരും. അതിനാല്‍ ശേഷിക്കുന്ന ഒഴിവുകള്‍കൂടി നികത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.