ഒരു ദിവസം, ഒരു ജില്ല പരിപാടി രാജ്യവ്യാപകമായി നടപ്പിലാക്കണം; ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ഹൈദരാബാദ്: ഒരു ദിവസം, ഒരു ജില്ല പരിപാടി രാജ്യവ്യാപകമായി നടപ്പിലാക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിൽ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവിന്റെ ആദ്യ ദിനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആഹ്വാനം ചെയ്തത്.

ബിജെപി ദേശീയ എക്‌സിക്യൂട്ടീവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കൾ തങ്ങളുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും വിവരിച്ചിരുന്നു. ഗുജറാത്തിന്റെ ഊഴമെത്തിയപ്പോഴാണ് വൺ ഡേ വൺ ഡിസ്ട്രിക്ട് പദ്ധതിയെ കുറിച്ച് വിവരിച്ചത്. ബിജെപി ഗുജറാത്ത് പ്രസിഡന്റ് സി ആർ പാട്ടീലാണ് പാർട്ടിയുടെയും സർക്കാരിന്റെയും നേട്ടങ്ങളെ കുറിച്ച് വിവരിച്ചത്. വിവരണം കഴിഞ്ഞതോടെയാണ് പദ്ധതി മറ്റ് സംസ്ഥാനങ്ങളിലും നടപ്പിലാക്കണമെന്ന് മോദി ആവശ്യപ്പെട്ടത്.

പദ്ധതി പ്രകാരം ഒരു ജില്ലയിൽ തന്നെ ഏകദേശം എട്ട് മുതൽ 10 വരെ പരിപാടികൾ നടത്തപ്പെടും. സ്ത്രീകൾ, വിധവകൾ, അദ്ധ്യാപകർ, കർഷകർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കുമായുള്ള പരിപാടികളായിരിക്കും നടത്തുക. റാലി, ചെറിയ മീറ്റിംഗുകൾ, ബൗദ്ധിക സമ്മേളനങ്ങൾ, സംസ്ഥാന കേന്ദ്ര സർക്കാരുകളിൽ നിന്ന് പ്രയോജനം നേടിയവരുടെ അനുഭവങ്ങൾ എന്നിവ ഒരു ദിവസം, ഒരു ജില്ല പദ്ധതിയിൽ ഉൾപ്പെടുന്നു.

ഗുജറാത്ത് സർക്കാരിന്റെ നേട്ടങ്ങളിൽ പ്രഥമസ്ഥാനമാണ് ഈ പദ്ധതിക്ക് നൽകുന്നത്. ഒരു ദിവസം, ഒരു ജില്ല പദ്ധതി ഇതുവരെ ഏഴ് ജില്ലകളിലായി ഗുജറാത്ത് ബിജെപി സംസ്ഥാന ഘടകം നടപ്പിലാക്കിയിട്ടുണ്ട്. ഗുജറാത്തിലെ എല്ലാ ജില്ലകളിലും ഉടൻ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുമുണ്ട്. ജനങ്ങളുമായുള്ള സമഗ്രമായ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതിനാൽ ഇത്തരത്തിലുള്ള പരിപാടി രാജ്യത്തുടനീളം നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.