ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിൽ താത്പര്യമില്ല; പി സി ജോർജിന്റെ അറസ്റ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് കാനം

തിരുവനന്തപുരം: പീഡന പരാതിയിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സിപിഐ നേതാവ് കാനം രാജേന്ദ്രൻ. പി സി ജോർജിന്റെ അറസ്റ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിൽ താത്പര്യമില്ല. അതുകൊണ്ട് കൂടുതൽ പ്രതികരിക്കാനുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പി സി ജോർജ് പറയുന്ന കാര്യങ്ങളിൽ തെളിവുണ്ടെങ്കിൽ കൊടുക്കട്ടെ. വെറുതെ ഇങ്ങനെ പറയുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി സി ജോർജ് രംഗത്തെത്തിയിരുന്നു. സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയും ഫാരീസ് അബൂബക്കറുമാണെന്നായിരുന്നു പി സി ജോർജിന്റെ ആരോപണം.

ഹാരിസിന്റെ നിക്ഷേപങ്ങളിൽ പിണറായി വിജയന് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ അമേരിക്കൻ ബന്ധം വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയനെതിരെ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകും. മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രകൾ കേന്ദ്ര സർക്കാരും കേന്ദ്ര ഏജൻസികളും അന്വേഷിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

പിണറായിയുടെ മകളുടെ സാമ്പത്തിക ഇടപാടുകളും ഇ ഡി അന്വേഷിക്കണം. വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസും എക്സാലോജിക്കിന്റെ ഇടപാടുകൾക്കെതിരെയും പി സി ജോർജ് രംഗത്തെത്തി.