പ്രകാശം പരത്തിയ മനുഷ്യനാണ് പിണറായി വിജയന്‍; സതീശന്‍ അഹങ്കാരത്തിന് കൈയും കാലും വെച്ചയാളെന്നും എ.എന്‍ ഷംസീര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് നിയമസഭയില്‍ ചര്‍ച്ച ചെയ്യവെ പിണറായി വിജയന്‍ പ്രകാശം പരത്തിയ മനുഷ്യനാണെന്നും അഹങ്കാരത്തിന് കയ്യും കാലും വച്ചയാളാണ് വി.ഡി സതീശനെന്നും എ.എന്‍ ഷംസീര്‍ എംഎല്‍എ പറഞ്ഞു.

എന്നാല്‍, ‘ജനക്ഷേമ നയങ്ങള്‍ നടപ്പാക്കി മുന്നോട് പോകുന്ന ഇടത് പക്ഷ സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ് വലത് പക്ഷവും ബിജെപിയും. സ്വര്‍ണ്ണക്കടത്ത് ആരോപണം ഇസ്ലാമോ ഫോബിയ ആവുകയാണ്. ആദ്യം ഖുര്‍ആന്‍, പിന്നെ ഈത്തപ്പഴം, ഇപ്പോള്‍ ബിരിയാണി ചേമ്പ് എന്നിങ്ങനെ പോകുന്നു ആരോപണങ്ങള്‍. ഖുര്‍ആനും ബിരിയാണിച്ചെമ്പും ഇസ്ലാമോഫോബിയക്കായി ഉപയോഗിക്കുകയാണ്. പ്രതിപക്ഷം ഇസ്ലാമോഫോബിയ വക്താക്കളാകുന്നു. മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാവുന്ന ഏറ്റവും വലിയ മുഖമാണ് പിണറായി വിജയന്‍. പാണക്കാട് തങ്ങള്‍ അല്ല, പിണറായിനാണ് പ്രകാശം പരത്തിയ മനുഷ്യന്‍. വൈദ്യുതി മന്ത്രിയായിരിക്കെ കേരളമാകെ വെളിച്ചം നല്‍കിയത് പിണറായി വിജയനാണ്. അതിനെതിരെയും വന്നു ആരോപണം. എന്നാല്‍, എല്ലാ ആരോപണങ്ങളെയും മറികടന്ന് തുടര്‍ച്ചയായ രണ്ട് തവണയാണ് പിണറായി മുഖ്യമന്ത്രിയായത്. എന്നിട്ടും പ്രതിപക്ഷം വംശീയ അധിക്ഷേപം നടത്തി’- ഷംസീര്‍ വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് മുന്‍പ് ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല. മുഖ്യമന്ത്രിയെ കൂപമണ്ഡൂകം എന്ന് വിളിക്കാമോ? മാനനഷ്ടക്കേസ് നല്‍കാത്തത് വഴിയില്‍ കുരയ്ക്കുന്ന നായ്ക്കളെ എല്ലാം കല്ലെറിയാന്‍ നിന്നാല്‍ ലക്ഷ്യത്തില്‍ എത്തില്ലെന്ന് അറിയാവുന്നത് കൊണ്ടാണ്’- ഷംസീര്‍ വിമര്‍ശിച്ചു.

അതേസമയം, മുഖ്യമന്ത്രി തുടരരുതെന്നും, മുഖ്യമന്ത്രിയ്ക്ക് എന്തോ മറയ്ക്കാന്‍ ഉണ്ടെന്നും വാല്‍ മുറിച്ച് ഓടുന്ന പല്ലിയുടെ കൗശലമാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും കെ കെ രമ വിമര്‍ശിച്ചു.