സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍

കൊച്ചി: കീഴ്‌ക്കോടതി ആവശ്യം തള്ളിയതിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈക്കോടതിയിലെത്തി. തന്നെ സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ മൊഴിയില്‍ ഉള്ളതിനാല്‍ പകര്‍പ്പ് വേണമെന്നാണ് സരിത ആവശ്യപ്പെടുന്നത്. എന്നാല്‍. രഹസ്യമൊഴി എങ്ങനെ പൊതുരേഖ ആകുമെന്ന് കോടതി ചോദ്യമുന്നയിച്ചു.

അതേസമയം, മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സ്വപ്ന സുരേഷും പി സി ജോര്‍ജും ശ്രമിച്ചുവെന്ന കേസില്‍ സരിത നല്‍കിയ രഹസ്യമൊഴി അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ പി സി ജോര്‍ജ് സമീപിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സരിതയെ കൊണ്ട് അന്വേഷണ സംഘം രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയില്‍ പറയുന്ന മറ്റ് ചില കാര്യങ്ങള്‍കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.

എന്നാല്‍, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജ് തന്നെ സമീപിച്ചതായി സരിത നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പി സി ജോര്‍ജിനൊപ്പം സ്വപ്നക്കും ക്രൈം നന്ദകുമാറിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു സരിതയുടെ മൊഴി. ഇതനുസരിച്ച് ഗൂഢാലോചന കേസില്‍ തുടരന്വേഷണം നടത്താനാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം.