കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം എത്രയും വേഗം ഹാജരാക്കണം; ഉത്തരവുമായി മുഖ്യമന്ത്രി

തിരുവനന്തരപുരം: സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം എത്രയും വേഗത്തിൽ ഹാജരാക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. 44 വകപ്പുകളിലായി 20000 ഫയലുകളാണ് ഒരു മാസം ഭരണസിരാ കേന്ദ്രത്തിലേക്കെത്തുന്നത്. ഇതിൽ പകുതിയോളവും വസ്തു വ്യവഹാരവും കെട്ടിട നിർമ്മാണ തർക്കങ്ങളും അപ്പീലുകളുമാണ്. ഇതിൽ 20 ശതമാനം ജീവനക്കാരുടെ സർവീസ് വിഷയങ്ങളും വരും.

ഫയലുകൾ തീർപ്പാക്കുന്നതിനായി അദാലത്തുകൾ നടത്തിയും പരമാവധി ഇ സേവനങ്ങൾ നടത്തിയും പ്രശ്‌നപരിഹാരത്തിന് വലിയ ശ്രമങ്ങൾ നടത്തിയിരുന്നില്ല. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തരമൊരു നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിക്ക് മുന്നിൽ ഇതിന്റെ ഫയലുകളെത്തുമെന്നും അദാലത്തുകൾ ഉടൻ ഉണ്ടാകുമെന്നുമാണ് വിവരം.

അതേസമയം, ഡാഷ് ബോർഡ് സംവിധാനം അടിയന്തരമായി നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഓഫീസുകളെയും ഓൺലൈനാക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്. ചീഫ് സെക്രട്ടറിയാണ് ഇതിനായുള്ള നിർദ്ദേശം പുറപ്പെടുവിച്ചത്. ഓരോ ഫയലും ഓരോ ജീവിതമാണെന്നും അത് എത്രയും വേഗം തീർപ്പാക്കണമെന്നും നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മുമ്പിൽ വരുന്ന ഓരോ ഫയലിലും പാവപ്പെട്ടവരിൽ പാവപ്പെട്ടവരുടെ ജീവിതമാണുള്ളത്. ആ ഫയലുകളിൽ നിങ്ങളെഴുതുന്ന കുറിപ്പാവും ഒരുപക്ഷെ അവരിൽ അപൂർവ്വം ചിലരെങ്കിലും തുടർന്ന് ജീവിക്കണോ മരിക്കണോ എന്നു പോലും നിശ്ചയിക്കുന്നത്. ഫയലിൽ പ്രതികൂല പരാമർശം വന്ന് എല്ലാം തകർന്ന നിലയിൽ പ്രതീക്ഷ നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ഹിമാചലിലെ ഒരു വൃദ്ധയുടെ കാര്യം പത്രത്തിൽ വന്നത് എന്റെ ഓർമ്മയിലുണ്ട്. എല്ലാ ഫയലിലും അനുകൂലമായി എഴുതാൻ കഴിയണമെന്നില്ല. എന്നാൽ ഫയലിൽ ഉള്ളത് ജീവിതമാണെന്നും കഴിയുന്നത്ര കരുതലോടെ അത് കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നുമുള്ള ബോധം ആവണം നിങ്ങളെ നയിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.