ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട കാര്യമില്ല; കെ ബി ഗണേശ് കുമാർ

കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട കാര്യമില്ലെന്ന് നടനും എംഎൽഎയുമായ കെ ബി ഗണേശ് കുമാർ. എല്ലാ കാര്യങ്ങളും അങ്ങനെ പുറത്ത് പറയേണ്ടതില്ലെന്നും ചിലരെ കരി വാരിത്തേക്കണമെന്ന് ചിലർക്ക് ആഗ്രഹം കാണുമെന്നും ഗണേശ് കുമാർ വ്യക്തമാക്കി. കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹേമ കമ്മിറ്റി സിനിമയിലെ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ പഠിക്കാൻ വേണ്ടി നിയോഗിച്ചതാണ്. റിപ്പോർട്ടിൽ എന്താണ് എഴുതിയതെന്ന് വായിച്ചിട്ടില്ല. ചില ആളുകൾക്ക് ആരെയെങ്കിലും കരിവാരിത്തേച്ചാൽ മതിയെന്നാണെന്നും അത് മന്ത്രിയായാലും കുഴപ്പമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തങ്ങളാരും ഇത് വായിച്ച് നോക്കിയിട്ടില്ല. റിപ്പോർട്ട് വായിച്ചത് ഗവൺമെന്റ് സെക്രട്ടറി മാത്രമാണെന്നാണ് താൻ അറിഞ്ഞത്.എന്തിനാണ് എല്ലാ കാര്യങ്ങളും പുറത്തു വിടുന്നത്. ചിലർക്ക് വിഷമവും ചിലർക്ക് സന്തോഷവുമുള്ള കാര്യങ്ങളാണ്. എന്തിനാണ് അതൊക്കെ പുറത്തു വിടുന്നത്. പുറത്തു വിടേണ്ട കാര്യമില്ല. നടപടി സ്വീകരിക്കാനാണ് പഠനം നടത്തിയത്. പഠിച്ചിട്ടുണ്ട്. അത് കൾച്ചറൽ സെക്രട്ടറിക്ക് മനസ്സിലായിട്ടുണ്ട്. മന്ത്രിയും മനസ്സിലാക്കും. നടപടികൾ സിനിമാ രംഗത്തേക്ക് കൊണ്ട് വരും. അതിന് വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

പഠിച്ചതിന് ശേഷം നടപടി സ്വീകരിക്കും. പഠിച്ചതെല്ലാം ചേർത്ത് പുറത്തു കൊടുക്കാൻ പറ്റുമോ. അങ്ങനെ നമ്മൾ ആഗ്രഹിക്കുന്നത് ശരിയല്ലല്ലോ. അതൊരു കമ്മീഷനല്ല. കമ്മീഷൻ റിപ്പോർട്ട് ആണെങ്കിൽ അത് നിയമസഭയുടെ ടേബിളിൽ വെക്കണം. പക്ഷെ ഇതൊരു പഠനമാണ്. മനസ്സിലാക്കി അഭിപ്രായം പറയൂ എന്ന് പറഞ്ഞു. മനസ്സിലാക്കി അഭിപ്രായം പറഞ്ഞുവെന്നും അദ്ദേഹം കൂ്ട്ടിച്ചേർത്തു.