പെണ്‍കുട്ടികള്‍ക്കുള്ള കായിക പരിശീലനത്തിന് വനിതാ പരിശീലകര്‍ നിര്‍ബന്ധമെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ കായിക പരിശീലനത്തിന് വനിതാ പരിശീലകരെ നിര്‍ബന്ധമാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. വനിതാ പരിശീലകരില്ലാത്ത പക്ഷം അധ്യാപികയുടെ മേല്‍നോട്ടമുണ്ടാകണമെന്നും ഉത്തരവില്‍ പറയുന്നു.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ പ്രതികളാകുകയും, പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്താല്‍ അത്തരക്കാരെ കുട്ടികളുമായി ഇടപെടുന്ന സ്ഥാനങ്ങളില്‍ നിയമിക്കരുത്. പെണ്‍കുട്ടികള്‍ മാത്രമുള്ള സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ പൂര്‍ണമായും വനിതാ ജീവനക്കാരുടെ നിയന്ത്രണത്തിലാകണം. കായിക പരിശീലകന്‍ കുട്ടികളോട് ശിശുസൗഹാര്‍ദപരമായി പെരുമാറണം. നിയമലംഘനം ബോധ്യപ്പെട്ടാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ വകുപ്പുതല നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളും ശ്രദ്ധിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ആഭ്യന്തരവകുപ്പ് സെക്രട്ടറിയും ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അംഗം ബി.ബബിത നിര്‍ദ്ദേശിച്ചു.