ബലാത്സംഗ കേസ്; വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കി

കൊച്ചി: നടൻ വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കി കേന്ദ്ര വിദേശകാര്യവകുപ്പ്. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവനടിയെ പീഡിപ്പിച്ച കേസിന് പിന്നാലെ ദുബായിൽ ഒളിവിൽ കഴിയുകയാണ് വിജയ് ബാബു. വിജയ് ബാബുവിന്റെ വിസയും റദ്ദാകും. അതേസമയം, ഇതു മുൻകൂട്ടി മനസ്സിലാക്കിയ വിജയ് ബാബു ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്കു കടന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

പാസ്‌പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. പാസ്‌പോർട്ടും വിസയും റദ്ദാക്കപ്പെട്ടതോടെ ദുബായിൽ തങ്ങുന്നതു നിയമ വിരുദ്ധമാകും. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പുകളും താരം നടത്തുന്നുണ്ട്.

പീഡന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പല തവണ പൊലീസ് വിജയ് ബാബുവിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് വിജയ് ബാബുവിനെതിരെ നടപടി കടുപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. പിന്നീട് താരം ദുബായിലേക്ക് കടക്കുകയായിരുന്നു.