ഉത്തരേന്ത്യയിൽ ചൂട് കനക്കുന്നു; സൂര്യാഘാതത്തെ തുടർന്ന് എട്ടുവയസുകാരന് ദാരുണാന്ത്യം

ന്യൂഡൽഹി: പഞ്ചാബിൽ സൂര്യാഘാതത്തെ തുടർന്ന് എട്ടുവയസുകാരന് ദാരുണാന്ത്യം. കടുത്ത ചൂടിനെ തുടർന്നാണ് കുട്ടി ഗുരുതരാവസ്ഥയിലായത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ബന്ധുക്കൾ പ്രതികരിച്ചു. ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ റെക്കോർഡ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

മെയ് മാസത്തെ രണ്ടാമത്തെ ആഴ്ചയിൽ ഡൽഹിയിലും രാജസ്ഥാനിലും 49 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 374 പേർക്ക് ഹീറ്റ് സ്‌ട്രോക്ക് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

25 പേരാണ് മഹാരാഷ്ട്രയിൽ തീവ്രഉഷ്ണതരംഗം മൂലം ഈ വർഷം മരിച്ചത്. ആറ് വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടിട്ടുള്ളത് വിദർഭയിലാണ്. 15 പേരാണ് ഇവിടെ മരണപ്പെട്ടത്. കൊടും ചൂടിനെ തുടർന്ന് മരിക്കുന്നവരുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.