തിരൂരില്‍ കെ-റെയില്‍ കുറ്റികള്‍ വെള്ളത്തിനടിയിലായി; ആശങ്കയില്‍ നാട്ടുകാര്‍

മലപ്പുറം: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിക്കായി തിരൂരില്‍ സ്ഥാപിച്ച കുറ്റികള്‍ മഴ കനക്കുന്നതിന് മുമ്പേ വെള്ളത്തിനടിയിലായി. വെങ്ങലൂരിലെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് കിടക്കുന്ന താഴ്ന്ന ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന കല്ലുകളാണ് വെള്ളത്തിലായിരിക്കുന്നത്.

പദ്ധതി പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നുപോകുമ്‌ബോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളുടെ മുന്നറിയിപ്പാണ് ഇതെന്നാണ് നാട്ടുകാര്‍ പ്രതികരിക്കുന്നത്. ചെറിയ മഴ പെയ്തപ്പോഴാണ് ഒരു മീറ്ററുള്ള കുറ്റിയുടെ മുക്കാല്‍ ഭാഗവും മുങ്ങിയത്. ഇടവപ്പാതി പെയ്താല്‍ ഒന്നര മീറ്ററോളം വെള്ളം കയറും. പദ്ധതി വന്നാല്‍ ജനവാസ പ്രദേശം വെള്ളത്തിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

അതേസമയം, മുന്‍ വര്‍ഷങ്ങളില്‍ മഴ ശക്തമായപ്പോള്‍ അപകടകരമായ രീതിയിലാണ് പ്രദേശത്ത് വെള്ളം ഉയര്‍ന്നത്. പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും നടന്ന പ്രദേശമാണിത്.