കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നു

കോട്ടയം: വെള്ളൂരിലെ കേരള സർക്കാറിന്റെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പേപ്പർ ഉത്പാദനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ദിനപത്രങ്ങൾ, പുസ്തകങ്ങൾ, മാഗസിനുകൾ, നോട്ട്ബുക്കുകൾ എന്നിവയ്ക്ക് ആവശ്യമായ ന്യൂസ് പ്രിന്റ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയം വെള്ളൂരിലെ പഴയ പേപ്പർ കമ്പനി പുതിയ പേരിൽ സർക്കാർ പ്രവർത്തിക്കുന്നത്.

കേന്ദ്ര സർക്കാരിൽ നിന്നും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഏറ്റെടുത്താണ് കേരള സർക്കാർ കെപിപിഎൽ ആരംഭിച്ചത്. പേപ്പർ മെഷീൻ, പവർ ബോയിലർ, ഡീ ഇങ്കിംഗ് എന്നിവയ്ക്കായി മൂന്ന് പ്ലാന്റുകളാണ് പ്രവർത്തന സജ്ജമാക്കിയിട്ടുള്ളത്. ഡീ ഇങ്കിംഗ് പ്ലാന്റിൽ നിന്നുള്ള പൾപ്പും ഇറക്കുമതി ചെയ്യുന്ന പൾപ്പും ഉപയോഗിച്ചാണ് പ്ലാന്റിൽ ഉൽപാദനം നടത്തുന്നത്.

വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങാൻ രണ്ട് മാസം കൂടി വേണ്ടി വരും. ഇതിനായി കെമിക്കൽ പൾപ്പിംഗ്, മെക്കാനിക്കൽ പൾപ്പിംഗ് പ്ലാന്റുകൾ കൂടി തയ്യാറായി വരുന്നുണ്ട്. ഇറക്കുമതി പൾപ്പ് ഒഴിവാക്കി ഈറ്റ, തടി, മുള എന്നിവയിൽ നിന്ന് പൾപ്പ് ഉൽപാദിപ്പിക്കാനാണ് ഈ പ്ലാന്റുകൾ തയ്യാറാക്കുന്നത്. പ്രവർത്തന മൂലധനമായ 75 കോടി രൂപ ഉൾപ്പെടെ 154 കോടി രൂപയാണ് കെപിപിഎല്ലിനായി സംസ്ഥാന സർക്കാർ ചെലവിടുന്നത്.