ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായം; പ്രഖ്യാപനവുമായി സൊമാറ്റോ

മുംബൈ: ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായം പ്രഖ്യാപിച്ച് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 90 മില്യൺ ഡോളർ (ഏകദേശം 700 കോടി രൂപ) ആണ് പ്രഖ്യാപിച്ചത്. നിക്ഷേപകരിൽ നിന്നും ഡയറക്ടർ ബോർഡിൽ നിന്നും തനിക്ക് ലഭിച്ച എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷനുകളിൽ നിന്നുള്ള എല്ലാ വരുമാനവും സൊമാറ്റോ ഫ്യൂച്ചർ ഫൗണ്ടേഷന് സംഭാവന ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

പ്രതിവർഷം 50,000 രൂപ വരെയാണ് സൊമാറ്റോ ഡെലിവറി പാർട്ണറുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്നത്. 10 വർഷം പൂർത്തിയാക്കിയാൽ ഡെലിവറി പാർട്ണറുടെ കുട്ടികൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ വരെ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകാനാണ് കമ്പനിയുടെ തീരുമാനം. ഇതിനായി പ്രത്യേകമായി തുക നീക്കിവെയ്്ക്കും.

പെൺകുട്ടികൾ പന്ത്രണ്ടാം ക്ലാസും ബിരുദവും പൂർത്തിയാകുമ്പോൾ സമ്മാനമായി പ്രൈസ് മണി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസത്തെ ശരാശരി ഓഹരി വില അനുസരിച്ച് ഏകദേശം 700 കോടി രൂപ ഓഹരികളാണ് ദീപീന്ദറിന്റെ ഇഎസ്ഒപികൾ. സൊമാറ്റോ ഫ്യൂച്ചർ ഫൗണ്ടേഷൻ എല്ലാ സൊമാറ്റോ ഡെലിവറി പാർട്ണർമാരുടെയും രണ്ട് കുട്ടികളുടെ വരെയുള്ള വിദ്യാഭ്യാസം നടത്താൻ കഴിയും.