ചെന്നൈ വീണു; രാജസ്ഥാന്‍ പ്ലേ ഓഫില്‍

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അഞ്ചു വിക്കറ്റിന് വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്ലിന്റെ പ്ലേ ഓഫില്‍. അര്‍ദ്ധ സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളും 23 പന്തില്‍ നിന്ന് 40 റണ്‍സടിച്ച ആര്‍. അശ്വിനുമാണ് രാജസ്ഥാന്റെ വിജയ ശില്പികള്‍. 14 കളികളില്‍ നിന്ന് 18 പോയിന്റുമായി രണ്ടാംസ്ഥാനം നേടിയാണ് രാജസ്ഥാന്‍ പ്ലേ ഓഫിലെത്തിയത്.

ബാറ്റിംഗിന് അനുകൂലമായ മുംബയിലെ ബ്രാബോണ്‍ പിച്ചില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തിരുന്നു. ഈ ഗ്രൗണ്ടിലെ ഏറ്റവും കുറഞ്ഞ ഐ പി എല്‍ സ്‌കോര്‍ ആണിത്. ..തുടക്കത്തില്‍ തന്നെ ചെന്നൈയ്ക്ക് ഓപ്പണര്‍ റിതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മൊയീന്‍ അലിയുടെ ആദ്യ പവര്‍പ്ലേയിലെ വെടിക്കെട്ട് പ്രകടനം ചെന്നൈയെ വളരെയേറെ സഹായിച്ചു.

19 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടി മൊയീന്‍ അലി തുടക്കത്തില്‍ ആക്രമണസ്വഭാവം പുറത്തെടുത്തെങ്കിലും തുടര്‍ച്ചയായി മൂന്ന് വിക്കറ്റ് വീണതോടെ ഇംഗ്‌ളണ്ട് താരം പ്രതിരോധത്തിലേക്ക് ചുവടു മാറ്റി. മഹേന്ദ്രസിംഗ് ധോണിയുമായി ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 51 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയെങ്കിലും റണ്‍റേറ്റ് വളരെ താഴേക്ക് പോയി. ആറാം ഓവറിന്റെ അവസാനം ചെന്നൈയുടെ റണ്‍റേറ്റ് ഓവറില്‍ 13 റണ്‍സ് എന്ന നിരക്കിലായിരുന്നു. എന്നാല്‍ ഇന്നിംഗ്‌സ് അവസാനിച്ചപ്പോള്‍ റണ്‍റേറ്റ് 7.5 മാത്രമായിരുന്നു.57 പന്തില്‍ 93 റണ്‍സെടുത്ത മൊയിന്‍ അലിയെ കൂടാതെ 28 പന്തില്‍ 26 റണ്‍സെടുത്ത ധോണി മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. രാജസ്ഥാന് വേണ്ടി യുസ്വേന്ദ്ര ചഹാല്‍, ഒബെദ് മകകോയി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും ട്രെന്‍ഡ് ബൗള്‍ട്ടും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.