സംസ്ഥാനത്ത് ക്യാന്‍സര്‍ ചികിത്സ വികേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാന്‍സര്‍ ചികിത്സ വികേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ദ്രം രണ്ടാംഘട്ട പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങളും മെഡിക്കല്‍ കോളേജുകളും മറ്റു സര്‍ക്കാര്‍ ആശുപത്രികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരുദിവസം കാന്‍സര്‍ പ്രാരംഭപരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കും. പ്രത്യേക ആപ്പ്, രജിസ്ട്രി, പോര്‍ട്ടല്‍ എന്നിവ ഇതിനായി തയ്യാറാക്കും. ആര്‍ദ്രം പദ്ധതിയിലെ സംസ്ഥാന കാന്‍സര്‍ നിര്‍ണയ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ പ്രാരംഭഘട്ടത്തില്‍ത്തന്നെ കണ്ടെത്താനുള്ള സൗകര്യം സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കും. 30 വയസ്സിനുമുകളിലുള്ള എല്ലാവരിലും ജീവിതശൈലീ രോഗം കണ്ടെത്താനും കാരണം അറിയാനുമുള്ള വിവരശേഖരണം ആശാവര്‍ക്കര്‍മാരെ ഉപയോഗിച്ച് നടത്തും-മുഖ്യമന്ത്രി പറഞ്ഞു.

ജന്തുജന്യരോഗങ്ങളുടെ കാരണം കണ്ടെത്താനും പ്രതിരോധിക്കാനുമായാണ് വണ്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്നും കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.