തൃപ്പൂണിത്തുറയിലെ ഉപതിരഞ്ഞെടുപ്പ്; ബിജെപിയുടെ വിജയം ഇടത്-വലത് മുന്നണിക്കുള്ള താക്കീതെന്ന് കെ. സുരേന്ദ്രന്‍

കൊച്ചി: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയം തൃക്കാക്കരയിലും തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനിലും തൃപ്പൂണിത്തുറ നഗരസഭയിലെ സിപിഎമ്മിന്റെ രണ്ട് സിറ്റിങ് സീറ്റുകളിലും ബിജെപി നേടിയ ഉജ്വല വിജയം ഇടത്-വലത് മുന്നണികള്‍ക്കുള്ള താക്കീതാണ്. കേരളം മുഴുവന്‍ എന്‍ഡിഎ മുന്നേറ്റമുണ്ടായത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനം ജനങ്ങളിലെത്തുന്നതിന്റെ തെളിവാണ്’- അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

സുരേന്ദ്രന്റെ വാക്കുകള്‍

‘ഇതുവരെ എന്‍ഡിഎക്ക് വോട്ട് ചെയ്യാത്ത മതന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ ബിജെപിക്ക് ലഭിച്ചതു കൊണ്ടാണ് അവിശുദ്ധ കൂട്ടുകെട്ടിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞത്. ആദിവാസി മേഖലയായ ഇടമലകുടിയില്‍ രണ്ട് മാസത്തിനിടെ രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി ജയിച്ചത് ആദിവാസി വിഭാഗങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പമാണെന്നതിന്റെ തെളിവാണ്. കണ്ണൂര്‍ നീര്‍വേലിയില്‍ സിപിഎം-കോണ്‍ഗ്രസ്-എസ്ഡിപിഐ കൂട്ടുകെട്ടിനെ തകര്‍ത്താണ് എന്‍ഡിഎ വിജയം നേടിയത്. മതതീവ്രവാദികളുമായുള്ള സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടിനേറ്റ തിരിച്ചടിയാണിത്. കെ-റെയില്‍ അടക്കമുള്ള ജനവിരുദ്ധനയത്തിനുള്ള തിരിച്ചടിയാണ് എറണാകുളത്തുണ്ടായിരിക്കുന്നത്. കെ-റെയിലുമായി മുന്നോട്ട് പോവുമെന്നാണ് തൃക്കാക്കരയില്‍ മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രി രാജീവ് പറഞ്ഞത് കെ-റെയിലാണ് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയെന്നാണ്. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത പദ്ധതിയായതുകൊണ്ടാണ് സര്‍ക്കാരിന് കുറ്റിയടി നിര്‍ത്തേണ്ടി വന്നത്. രണ്ട് മുന്നണികളും മലക്കം മറിഞ്ഞ് ഇപ്പോള്‍ ട്വന്റി ട്വന്റിയെ പുകഴ്ത്തുകയാണ്. സാബുവിനെ ഇടതുപക്ഷ സര്‍ക്കാര്‍ വേട്ടയാടിയപ്പോള്‍ സര്‍ക്കാരിനേക്കാള്‍ വലിയ ആവേശം കാണിച്ചത് വി.ഡി സതീശനും യുഡിഎഫുമായിരുന്നു. രണ്ട് മുന്നണികളും നിലപാടില്‍ നിന്നും പിന്നോട്ട് പോയി. കേരളത്തില്‍ നിന്നും പിണറായി വിജയന്‍ കിറ്റക്‌സിനെ ആട്ടിയോടിച്ചപ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് സാബുവിനെ സ്വാഗതം ചെയ്തത്. ട്വന്റി-ട്വന്റിയുടെ പ്രവര്‍ത്തകനെ കിഴക്കമ്ബലത്ത് സിപിഎമ്മുകാര്‍ കൊല ചെയ്തപ്പോള്‍ ബിജെപി മാത്രമാണ് പ്രതികരിച്ചത്. ബൂത്ത് തലം മുതല്‍ ബിജെപി നടത്തിയ പുനഃസംഘടനയും നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനവുമാണ് ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് നേട്ടമുണ്ടാക്കി കൊടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയങ്ങള്‍ക്ക് ശേഷം നടത്തിയ അഴിച്ചുപണിയും മണ്ഡല വിഭജനവും ബൂത്ത് പ്രവര്‍ത്തനം ശക്തമാക്കിയതും ബിജെപിക്ക് ഗുണകരമായി.’