ഒടുവില്‍ പുറത്തേക്ക്; രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 31 വര്‍ഷത്തിന് ശേഷം ജയില്‍ മോചനം

ന്യൂഡല്‍ഹി: 31 വര്‍ഷത്തിന് ശേഷം രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെ പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തമിഴ്നാട് സര്‍ക്കാറിന്റെ ശുപാര്‍ശയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിട്ടുണ്ട്.

അതേസമയം, ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ചാണ് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറഞ്ഞത്. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ ജാമ്യം അനുവദിച്ചിരുന്നു.

1991ലാണ് രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളന്‍ അറസ്റ്റിലായത്. 1991 ജൂണ്‍ 11 ന് ചെന്നൈയിലെ പെരിയാര്‍ തിടലില്‍ വച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍മാര്‍ പേരറിവാളനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 19 വയസായിരുന്നു. രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന ചെയ്തു എന്നതായിരുന്നു കുറ്റം. അറസ്റ്റിലാകുന്ന സമയത്ത് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളു അദ്ദേഹം. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്ഫോടക വസ്തുവായി 9 വോള്‍ട്ട് ബാറ്ററി നല്‍കിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം.