യുപിഐ ആപ്പുകള്‍ വ്യത്യസ്തമാണെങ്കില്‍ എന്ത് ചെയ്യാം?

വേഗത്തിലും സുരക്ഷിതവും ലളിതവുമായി ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ യുപിഐ ആപ്പുകളാണ് ഏറ്റവും മികച്ച വഴി. ഏകദേശം 150 ദശലക്ഷത്തിലധികം ആള്‍ക്കാരാണ് ഇന്ത്യയില്‍ യുപിഐ ഉപയോഗിക്കുന്നത്. പല വിധത്തിലുള്ള യുപിഐ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ ലഭ്യമാണ്. ഗൂഗിള്‍ പേ, പേ ടിഎം, ഫോണ്‍ പേ, ആമസോണ്‍ പേ തുടങ്ങിയവയാണ് ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന യുപിഐ ആപ്പുകള്‍. ഒരു പണമിടപാട് നടത്തുമ്‌ബോള്‍ പണം അയക്കുന്ന ആളിന്റെയും പണം സ്വീകരിക്കുന്ന ആളിന്റെയും യുപിഐ ആപ്പുകള്‍ വെവ്വേറെ ആണെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിവില്ല.

ഇത്തരം സാഹചര്യങ്ങളില്‍ ഇടപാട് നടത്താന്‍ നമ്മുടെ മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്ന് ക്യൂ ആര്‍ കോഡ് ഉപയോഗിച്ചും രണ്ട് യുപിഐ ഐഡി ഉപയോഗിച്ചും.

  1. ക്യൂ ആര്‍ കോഡ്

ഈ വഴി പലര്‍ക്കും പരിചിതമാണ്. പണം സ്വീകരിക്കേണ്ട ആള്‍ തന്റെ ഫോണിലെ യുപിഐ ആപ്പില്‍ ഷോ ക്യൂ ആര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ സ്‌ക്രീനില്‍ തെളിഞ്ഞുവരുന്ന ക്യൂ ആര്‍ കോഡ് പണം അയക്കേണ്ട ആള്‍ അയാളുടെ ഫോണിലെ യുപിഐ ആപ്പിലെ സ്‌കാന്‍ ക്യൂ ആര്‍ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുകയേ വേണ്ടൂ.

ഇതിന് ശേഷം സാധാരണ പോലെ എത്ര പണം അയക്കണമെന്നും പിന്‍ നമ്ബരും രേഖപ്പെടുത്തിക്കൊണ്ട് പണമിടപാട് നടത്താം. നാം കടകളില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അയക്കുന്ന അതേ വിദ്യതന്നെയാണിത്.

  1. യു പി ഐ ഐഡി

യുപിഐ ആപ്പ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ആ ആപ്പിന്റെ തന്നെ ഒരു ഐഡി ഉണ്ടാകും. ഇതിനെ വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസ് എന്നും അറിയപ്പെടുന്നുണ്ട്. ഓരോ ആപ്പിനും അതിന്റേതായ ഐഡിയുണ്ടാകും. സാധാരണ ഫോണ്‍ നമ്ബര്‍ @ ആപ്പിന്റെ പേര് അല്ലെങ്കില്‍ ഫോണ്‍ നമ്ബര്‍ @ അക്ഷരങ്ങള്‍ എന്ന രൂപത്തിലാണ് ഇവയുണ്ടാവുക. ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് അവരുടെ ഈ മെയില്‍ @ സേവനം നല്‍കുന്ന ബാങ്കിന്റെ പേര് എന്ന രൂപത്തിലാണ് ഐഡി കാണിക്കുക.

പണം അയക്കേണ്ട ആള്‍ തന്റെ യുപിഐ ആപ്പിനുള്ളില്‍ സെന്‍ഡ് ടു യുപിഐ ഐഡി എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. അതിനുള്ളില്‍ അയാളുടെ ഐഡി രേഖപ്പെടുത്തിയ ശേഷം വെരിഫൈ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ അയക്കുന്ന ആളിന്റെ പേര് ഫോണില്‍ ദൃശ്യമാകും. അതിന് ശേഷം എത്ര പണം ആണോ അയക്കേണ്ടത് അത് രേഖപ്പെടുത്തുകയും ശേഷം പിന്‍ കൊടുക്കുകുയം വഴി ഇടപാട് പൂര്‍ത്തിയാക്കാം.

സ്വന്തം യുപിഐ ഐഡി എങ്ങനെ കണ്ടെത്താം?

യുപിഐ ആപ്പില്‍ തന്നെയാണ് ഐഡി കാണിക്കുക. ബാങ്കുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഓരോ ആപ്പിലും ഓരോ ഭാഗത്താണ് ഇത് ദൃശ്യമാവുക. രാജ്യത്ത് ഏറ്റവും അധികം ആള്‍ക്കാര്‍ ഉപയോഗിക്കുന്ന ചില ആപ്ലിക്കേഷനുകളില്‍ എവിടെയാണ് യുപിഐ ആപ്പ് കാണിക്കുക എന്ന് ചുവടെ പരിശോധിക്കുക.

  1. ഗൂഗിള്‍ പേ

-ഗൂഗിള്‍ പേ ആപ്പ് തുറക്കുക

-മുകളില്‍ വലത് വശത്ത് നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക

-ഒന്നിലധികം അക്കൗണ്ട് ഉള്ളവരാണെങ്കില്‍ ഏത് അക്കൗണ്ടിന്റെ ഐഡി ആണോ വേണ്ടത് ആ അക്കൗണ്ടില്‍ ക്ലിക്ക് ചെയ്യുക

-യുപിഐ ഐഡി എന്ന ഭാഗത്ത് ഐഡി ദൃശ്യമാകും

ഗൂഗിള്‍ പേ ആപ്പിന്റെ ഐഡിയുടെ മാതൃക

ഈമെയില്‍@ബാങ്കിന്റെ പേര്

gmail@oksbi, gmail@icici

  1. ഫോണ്‍ പേ

-ഫോണ്‍ പേ ആപ്പ് തുറക്കുക

-മുകളില്‍ ഇടത് വശത്തുള്ള പ്രൊഫൈല്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക

-യുപിഐ സെറ്റിംഗ്‌സില്‍ ക്ലിക്ക് ചെയ്യുക

-ഓരോ അക്കൗണ്ടിന്റെയും യുപിഐഡി ദൃശ്യമാകും

ഫോണ്‍ പേ ആപ്പിന്റെ ഐഡിയുടെ മാതൃക

ഫോണ്‍നമ്ബര്‍@വൈബിഎല്‍

123456789@ybl

  1. പേ ടിഎം

-പേ ടിഎം ആപ്പ് തുറക്കുക

-മുകളില്‍ ഇടത് ഭാഗത്തുള്ള പ്രൊഫൈല്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക

-നിങ്ങളുടെ ക്യൂ ആര്‍ കോഡും യുപിഐ ഐഡിയും സ്‌ക്രീനില്‍ ദൃശ്യമാകും.

പേ ടിഎം ആപ്പിന്റെ ഐഡിയുടെ മാതൃക

ഫോണ്‍നമ്ബര്‍@പേടിഎം

123456789@paytm

  1. ആമസോണ്‍ പേ

-ആമസോണ്‍ ഷോപ്പിംഗ് ആപ്പ് തുറക്കുക

-സ്‌ക്രീനില്‍ ആമസോണ്‍ പേ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഷോപ്പിംഗ് ആപ്പില്‍ നിന്ന് ആമസോണ്‍ പേ പേജിലേക്ക് പോവുക

-ആ സ്‌ക്രീനില്‍ തന്നെ ഐഡി ദൃശ്യമായിരിക്കും

ആമസോണ്‍ പേ ആപ്പിന്റെ ഐഡിയുടെ മാതൃക

ഫോണ്‍നമ്ബര്‍@എപിഎല്‍

123456789@apl