കേരള കോണ്‍ഗ്രസ് എസ്-എന്‍സിപി ലയനം ഉടന്‍

കൊച്ചി: സംസ്ഥാനത്ത് ഈ മാസം 24ന് കൊച്ചിയില്‍ നടക്കുന്ന എന്‍സിപി കണ്‍വെന്‍ഷനില്‍ കേരള കോണ്‍ഗ്രസ് എസ്-എന്‍സിപിയില്‍ ലയിക്കാനൊരുങ്ങുന്നു. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തില്‍ നിന്ന് പിളര്‍ന്ന് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് എസ് ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നതിനാണ് എന്‍സിപിയില്‍ ലയിക്കുന്നതെന്ന് പാര്‍ട്ടി വ്യക്തമാക്കി.

2021 മാര്‍ച്ചില്‍ രൂപീകരിച്ച കേരള കോണ്‍ഗ്രസ് എസ് പ്രവര്‍ത്തനം ആരംഭിച്ച് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് മുന്നണിയിലെ മറ്റൊരു കക്ഷിയില്‍ ലയിക്കാനുള്ള തീരുമാനമെടുക്കുന്നുത്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് എന്‍സിപിയില്‍ ലയിക്കാന്‍ തീരുമാനിച്ചതെന്ന് കേരള കോണ്‍ഗ്രസ് എസ് നേതാക്കാള്‍ അറിയിച്ചു.

കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിലുണ്ടായിരുന്ന ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നു മുതിര്‍ന്ന നേതാവ് ആര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. എന്‍സിപിയില്‍ ലയിക്കാനുള്ള തീരുമാനം കേരള കോണ്‍ഗ്രസ് എസ് ഇടതുമുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.