ബാറ്ററി നിര്‍മ്മാണത്തിലെ അപാകത; ഇ-സ്‌കൂട്ടര്‍ പൊട്ടിത്തെറിയില്‍ പ്രഥമിക നിഗമനം ഇങ്ങനെ

ഓല ഇലക്ട്രിക് ഉള്‍പ്പടെയുള്ള മൂന്ന് കമ്പനികളുടെ സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ച സംഭവങ്ങള്‍ക്ക് കാരണം അവയില്‍ ഉപയോഗിച്ച ബാറ്ററിയിലെ അപാകതയാവാം എന്ന് പ്രാഥമിക നിഗമനം. സ്‌കൂട്ടറുകളില്‍ ഉപയോഗിച്ചിരുന്ന ബാറ്ററിയിലും അത് കൈകാര്യം ചെയ്യുന്ന സംവിധാനത്തിലും പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചത്. സമാന സംഭവത്തില്‍ ഒരു അച്ഛനും മകളും മരിച്ചിരുന്നു.

2030 ഓടെ ഇന്ത്യയില്‍ 80 ശതമാനവും ഇലക്ട്രിക് ബൈക്കുകള്‍ ഉപയോഗത്തില്‍ കൊണ്ടുവരാനാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍, തുടര്‍ച്ചയായുണ്ടായ അപകടങ്ങള്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജിയില്‍ നിന്നുള്ള ബാറ്ററിയാണ് ഓല ഉപയോഗിക്കുന്നത്. മൂന്ന് കമ്പനികളില്‍ നിന്നുമുള്ള ബാറ്ററികള്‍ സര്‍ക്കാര്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നേക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് മുമ്പ് ബാറ്ററി സെല്ലുകള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ടെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ ബാറ്ററി പാക്കുകളാണ് ഇന്ത്യ പരിശോധിക്കുന്നത്. ബാറ്ററി സെല്ലുകള്‍ പരിശോധിക്കുന്നില്ല.