പേയ്‌മെന്റ് സക്‌സസ്ഫുള്‍ എന്ന മെസേജ് വന്നോ? വിശ്വസിക്കാന്‍ വരട്ടെ!

ന്യൂഡല്‍ഹി: യുപിഐ വഴിയുള്ള പണമിടപാടുകള്‍ നടത്തുമ്പോള്‍ എളുപ്പത്തില്‍ വഞ്ചിതരാകാനും സാധ്യതയുണ്ട്. കടകളില്‍ നിന്ന് സാധനം വാങ്ങി ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അടയ്ക്കുകയും ശേഷം ‘പേയ്മെന്റ് സക്സസ്ഫുള്‍’ എന്ന് സ്‌ക്രീനില്‍ തെളിഞ്ഞ മെസേജ് കടക്കാരനെ കാണിച്ച ശേഷം തിരികെ പോവുകയുമാണ് എല്ലാവരും ചെയ്യുന്നത്. എന്നാല്‍, തിരക്കിനിടെ തന്റെ അകൗണ്ടില്‍ പണം വന്നോ എന്ന കാര്യം കടക്കാരന്‍ ഫോണ്‍ എടുത്ത് പരിശോധിക്കാറില്ല. ഇതാണ് തട്ടിപ്പുകാര്‍ അവസരമായി മാറ്റിയെടുത്തിരിക്കുന്നത്.

തട്ടിപ്പിനായി പലതരം സ്പൂഫ് ആപ്ലികേഷനുകളും ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഒരു ആപിനെ കോപിയടിക്കുകയും ആ ആപിന്റെ ജനപ്രീതി മുതലെടുക്കുകയും ചെയ്തുകൊണ്ട് ആ ആപിന്റെ യൂസര്‍ ഇന്റര്‍ഫേസിനോട് പൂര്‍ണമായി സാമ്യമുള്ള ഇന്റര്‍ഫേസുമായി പുറത്തിറങ്ങുന്ന വ്യാജ ആപിനെയാണ് സ്പൂഫ് ആപ് എന്ന് വിളിക്കുന്നത്. ക്യൂ ആര്‍ കോഡ് വഴി പണമിടപാട് നടത്തുമ്‌ബോള്‍ പണം അയച്ച ആളിന്റെ ഫോണില്‍ ആപിനുള്ളില്‍ തന്നെ ഇടപാടിന്റെ വിവരങ്ങള്‍ ദൃശ്യമാകും. ആര്‍ക്കാണ് പണം അയച്ചത്, എത്ര രൂപ അയച്ചു, ഏത് അകൗണ്ടില്‍ നിന്നാണ് പണം പോയിരിക്കുന്നത്, ബാലന്‍സ് എത്ര രൂപയുണ്ട്, തുടങ്ങിയ വിവരങ്ങളും പേയ്മെന്റ് സക്സസ്ഫുള്‍ എന്ന ഒരു കുറിപ്പുമാണ് ആപില്‍ ദൃശ്യമാവുക. ഈ വിവരങ്ങളടങ്ങിയ കുറിപ്പ് നമ്മുടെ ഇഷ്ടാനുസരണം രൂപകല്‍പന ചെയ്യാന്‍ അനുവദിക്കുന്ന തരത്തിലാണ് സ്പൂഫ് ആപുകള്‍ പ്രവര്‍ത്തിക്കുന്നത്. പണം അയക്കുമ്‌ബോള്‍ യഥാര്‍ഥ ആപില്‍ എങ്ങനെയാണോ വിവരങ്ങള്‍ ദൃശ്യമാകുന്നത് അതേ രൂപത്തില്‍ തന്നെ ഈ സ്പൂഫ് ആപില്‍ കുറിപ്പ് നമുക്ക് ഡിസൈന്‍ ചെയ്തെടുക്കാമെന്ന് സാരം. ഈ കുറിപ്പ് കടക്കാരനെ കാണിച്ച് അയാളെ തട്ടിപ്പുകാര്‍ക്ക് പറ്റിക്കാന്‍ സാധിക്കും.