സംസ്ഥാനത്ത് പഴവിപണിയില്‍ രണ്ടാഴ്ചക്കിടെയുണ്ടായത് 30 രൂപയുടെ വിലവര്‍ധന

പാലക്കാട്: സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ 30 രൂപയുടെ വിലവര്‍ധനവാണ് പഴവിപണിയിലുണ്ടായത്. പഴങ്ങളുടെ വരവ് കുറഞ്ഞതും ഉപയോഗം കൂടിയതുമാണ് വിലവര്‍ധനവിന് കാരണം. ചൂട് കൂടിയതും ജലക്ഷാമവും തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പഴ വിപണിയെ കാര്യമായി ബാധിച്ചതും, പ്രാദേശിക ഉല്‍പ്പാദനം കുറഞ്ഞതും തിരിച്ചടിയായി. നോമ്പു തുറക്കുള്ള പ്രധാന ഇനങ്ങളായ കാരക്ക, ഈന്തപ്പഴം എന്നിവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്.

അതേസമയം, ചൂട് കാലത്ത് കൂടുതല്‍ ഡിമാന്‍ഡുള്ള മുന്തിരി, ആപ്പിള്‍ ഇനങ്ങള്‍ കൂടുതല്‍ സംഭരിച്ച് വെച്ച് മൊത്തവ്യാപാരികള്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ചെറുകിടക്കാര്‍ ആവശ്യപ്പെടുന്ന അത്രയും തൂക്കം നല്‍കാതെ സ്റ്റോക്ക് കുറവാണെന്ന് പറഞ്ഞാണ് വില വര്‍ദ്ധിപ്പിക്കുന്നത്. കൂടുതല്‍ ദിവസം സൂക്ഷിക്കുമ്പോള്‍ ആപ്പിള്‍, പപ്പായ, പഴം എന്നിവ കേടാകുന്നത് വലിയ നഷ്ടമുണ്ടാക്കുന്നതായും അവര്‍ പറയുന്നു.

വില നിലവാരം (കിലോഗ്രാമിന് രൂപയില്‍) (ഇന്നലെ, കഴിഞ്ഞമാസം എന്ന ക്രമത്തില്‍)

ഏത്തപ്പഴം…………65, 30

ഞാലിപ്പൂവന്‍………68, 30

ആപ്പിള്‍……………..240, 140

ഓറഞ്ച്……………..100, 35

മാതളം………………200, 125

പേരയ്ക്ക ……………..150, 120

മാങ്ങ………………..150, 70

പപ്പായ………………55, 20

ഷമാം………………..55, 35

പൈനാപ്പിള്‍……….70, 30

മുന്തിരി കറുപ്പ്…….130, 100

കുരുവില്ലാത്തത്….170,130

പച്ച…………………..140, 80

തണ്ണിമത്തന്‍………28, 15

ഈന്തപ്പഴം……….. 400, 280

കാരയ്ക്ക………………315 , 260