സിൽവർലൈന്റെ അതിരടയാള കല്ല് പിഴുതെറിയുന്നവർക്കെതിരെ കേസ്; പുതിയ നീക്കവുമായി കെ റെയിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സിൽവർലൈന്റെ അതിരടയാള കല്ല് പിഴുതെറിയുന്നവർക്കെതിരെ കേസ് കൊടുക്കാനുള്ള നീക്കവുമായി കെ റെയിൽ. കല്ല് പിഴുതുമാറ്റുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന കാര്യത്തെ കുറിച്ചും കെ റെയിൽ പരിഗണിക്കുന്നുണ്ട്. ഒരു കല്ല് പിഴുതുമാറ്റിയാലുണ്ടാകുന്ന നഷ്ടം 5000 രൂപ വരെയാണെന്നാണ് കെ റെയിൽ ചൂണ്ടിക്കാട്ടുന്നത്.

നാടുനീളെ കല്ലുപിഴുതെറിയൽ സമരം വ്യാപിച്ചതോടെയാണ് കെ റെയിൽ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നത്. കല്ലുകൾ കൂട്ടത്തോടെ പിഴുതുമാറ്റുന്ന സാഹചര്യത്തിൽ സാമൂഹികാഘാതപഠനം നിശ്ചിതസമയത്തിനുളളിൽ പൂർത്തിയാക്കാൻ സാധിക്കില്ല. പകരം പുതിയ കല്ലുകൾ ഇടാനും അധികൃതർക്ക് കഴിയുന്നില്ല.

കല്ല് പിഴുതവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും നിയമനടപടി സ്വീകരിക്കാനാണ് പദ്ധതി. ഇതിന് മുന്നോടിയായി ഇതുവരെ എത്ര കല്ലുകൾ പിഴുതുമാറ്റിയെന്നത് സംബന്ധിച്ച കണക്കെടുപ്പ് തുടങ്ങി. ഒരു കല്ല് വാത്തെടുക്കാൻ ആയിരം രൂപയോളം ചെലവു വരും. ഗതാഗത ചെലവ്, ജീവനക്കാരുടെ കൂലി, പോലീസ് സംരക്ഷണത്തിന് വേണ്ട ചെലവ് എല്ലാം കൂടി ചേരുമ്പോൾ 5000 രൂപയാകുമെന്ന് കെ റെയിൽ അധികൃതർ ചൂണ്ടിക്കാട്ടുന്നു.