ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് സാമൂഹിക സേവനത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സമൂഹത്തില്‍ നമുക്കൊരു മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ഞാന്‍ വിരമിച്ച് സാമൂഹിക സേവനത്തില്‍ മുഴുകാന്‍ പോകുന്നതായി കേട്ടാല്‍ അത് വലിയ സംഭവമായി നിങ്ങള്‍ക്ക് തോന്നണമെന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയം വളരെ വൃത്തികെട്ടതായി മാറിയിരിക്കുന്നു. ചിലപ്പോള്‍ നമ്മള് മനുഷ്യരാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയില്‍ വരെ എത്തിയിരിക്കുന്നു. മനുഷ്യന്റെ ശരാശരി ആയുസ്സ് ഇപ്പോള്‍ 80-85 വര്‍ഷമാണ്. വിരമിക്കലിന് ശേഷമുള്ള 20-25 വര്‍ഷത്തെ നീണ്ട കാലയളവ് രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന ചെയ്യാന്‍ വ്യക്തികള്‍ ഉപയോഗിക്കുന്നത് കാര്യബോധ്യത്തോടെയാണ്. നമ്മള് ഓരോരുത്തരും ഒരു നഗരത്തേയോ പ്രദേശത്തേയോ നവീകരിച്ചാല്‍ രാജ്യം മൊത്തം നവീകരിക്കപ്പെടും’- ആസാദ് ചൂണ്ടിക്കാട്ടി.
‘രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കും. പ്രയാസകരമായ സമയങ്ങളില്‍ ജനങ്ങളെ നയിക്കുന്നതില്‍ പൊതു സമൂഹത്തിന്റെ പങ്കുണ്ട്. ഞാന്‍ കോണ്‍ഗ്രസുകാരനായിട്ടില്ല പൊതുജീവിതം ആരംഭിച്ചത്. ഗാന്ധിയന്‍ തത്വശാസ്ത്രത്തിലൂന്നിയാണ് എന്റെ പൊതുപ്രവര്‍ത്തനം ആരംഭിച്ചതെന്ന് വളരെ കുറച്ച് പേര്‍ക്കേ അറിയാവൂ. നമ്മള് ആദ്യം മനുഷ്യരാകണം പിന്നീടാണ് ഹിന്ദുവും മുസ്ലിമും ആകേണ്ടത്. സമൂഹത്തിലെ ഒട്ടുമിക്ക തിന്മകള്ക്കും ഉത്തരവാദികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആയതിനാല്‍ അവരിലൂടെ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നതില്‍ എനിക്ക് സംശയമുണ്ട്. ആളുകളെ മതത്തിന്റേയും പ്രദേശത്തിന്റേയും ഗ്രാമത്തിന്റേയും നഗരത്തിന്റേയും പേരില്‍ നമ്മള് വിഭജിച്ചു. ഉയര്‍ന്ന ജാതിക്കാരനെന്നും ദളിതനെന്നും മുസ്ലിമെന്നും ഹിന്ദുവും ക്രിസ്ത്യാനിയും സിഖ്കാരനുമാക്കി തരം തിരിച്ചു. ആളുകളെ ഇങ്ങനെ ചുരുക്കി കെട്ടിയാല്‍ ആരെയാണ് നമുക്ക് മനുഷ്യരായി കാണാനാകുക?’- അദ്ദേഹം ചോദിച്ചു.

