റഷ്യയുടെ 14,700 സൈനികർ കൊല്ലപ്പെട്ടു; കണക്കുകൾ പുറത്തുവിട്ട് യുക്രൈൻ വിദേശകാര്യ മന്ത്രാലയം

കീവ്: റഷ്യ -യുക്രൈൻ യുദ്ധത്തിൽ റഷ്യയുടെ 14,700 സൈനികർ കൊല്ലപ്പെട്ടു. യുക്രൈൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ 1,487 കവചിത വാഹനങ്ങൾ, 96 വിമാനങ്ങൾ, 230 പീരങ്കികൾ, 947 വാഹനങ്ങൾ എന്നിവ തകർത്തുവെന്നും യുക്രൈൻ വ്യക്തമാക്കി.

യുക്രൈനിൽ റഷ്യൻ സേനയ്ക്ക് കൂടുതൽ മുന്നേറാൻ മതിയായ പോരാട്ടവീര്യം ഇല്ലെന്നാണ് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുടെ ഉപദേഷ്ടാവ് ഒലെക്‌സി അരെസ്റ്റോവിച്ച് അഭിപ്രായപ്പെട്ടത്. അതേസമയം, യുക്രൈനിലെ റഷ്യൻ അധിനിവേശം നാലാമത്തെ ആഴ്ചയിലെത്തി.

ഞായറാഴ്ച 400 ലധികം പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന മരിയുപോളിലെ സ്‌കൂൾ കെട്ടിടം റഷ്യൻ സേന ബോംബിട്ട് തകർത്തിരുന്നു. ആക്രമണത്തിൽ കെട്ടിടം പൂർണമായി തകർന്നു. എത്രപേരാണ് മരണപ്പെട്ടതെന്ന വിവരം പുറത്തുവന്നിട്ടില്ല.