ഡാറ്റ ട്രാക്കിംഗ് ഇനി നടക്കില്ല; നീക്കവുമായി ഗൂഗിള്‍

ആന്‍ഡ്രോയിഡ് ഫോണുകളിലെ നമ്മുടെ സ്വകാര്യമായ കാര്യങ്ങള്‍ വരെ ട്രാക്ക് ചെയ്താണ് മെറ്റ ഉള്‍പ്പടെ നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ ക്രോം ബ്രൗസറിലൂടെ ഡാറ്റ ട്രാക്കിംഗ് നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍.

പ്രൈവസി സാന്റ്ബോക്സ് പ്രൊജക്ട് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അനുസരിച്ച് പരസ്യദാതാക്കള്‍ക്ക് ലഭിക്കാവുന്ന ഡാറ്റയില്‍ ഇനി കുറവുണ്ടാകും.ഇത്തരത്തില്‍ ഉപഭോക്താക്കളുടെ സ്വകാര്യതയെ അറിയും മുന്‍പ് അനുവാദം ചോദിക്കുന്ന സംവിധാനം നിലവില്‍ ആപ്പിളിലുണ്ട്. ഉപഭോക്താക്കള്‍ എന്തുചെയ്യുന്നു എന്ന് ട്രാക്ക് ചെയ്യുന്നത് നിയന്ത്രിക്കുന്നതിലൂടെ ഫേസ്ബുക്ക്, വാട്സാപ്പ് മുതലായവയടങ്ങിയ മെറ്റ കമ്ബനിക്ക് ഉള്‍പ്പടെ ഗൂഗിളിന്റെ ഈ നീക്കം തിരിച്ചടിയാകുന്നുണ്ട്.

7.3 ബില്യണ്‍ പൗണ്ടാണ് ആപ്പിള്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് മെറ്റയ്ക്ക് ചിലവാകുക. ലോകമാകെയുളള സ്മാര്‍ട്ഫോണ്‍ ഉപഭോക്താക്കളില്‍ 85ശതമാനം വരുന്ന ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഗൂഗിള്‍ നടപ്പാക്കുന്ന നീക്കം ഇത്തരം കമ്പനികള്‍ക്ക് കനത്ത പ്രഹരമാണ്. പരസ്യങ്ങള്‍ക്കായി ഉപയോഗപ്പെടുന്ന തേര്‍ഡ് പാര്‍ട്ടി കുക്കീസുകള്‍ 2023ഓടെ ഗൂഗിള്‍ ക്രോം ബ്രൗസറില്‍ നിന്ന് പുറത്താക്കപ്പെടും.