തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് ബിജെപി ചായ്‌വ് കൂടുന്നുവെന്ന വിമര്‍ശനവുമായി കേരളത്തിലെ ഭരണ- പ്രതിപക്ഷങ്ങള്‍. എന്നാല്‍, ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബിജെപി നേതാക്കള്‍ രംഗത്തുണ്ട്. സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഗവര്‍ണറെ അധിക്ഷേപിക്കുകയാണെന്നും സൈബര്‍ ഗുണ്ടകളെയും എ.കെ ബാലനെയും എം.എം മണിയെയുമാണ് ഇതിനായി സിപിഎം രംഗത്തിറക്കിയിരിക്കുന്നതെന്നും വി. മുരളീധരന്‍ കുറ്റപ്പെടുത്തി. ഗവര്‍ണറെ ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം നടത്താത്താത്തതെന്തെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ഗവര്‍ണറെ ആക്രമിക്കുന്നത് സിപിഎം സ്ഥിരം കലാപരിപാടിയാക്കിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ആരോപിച്ചു. ഗവര്‍ണര്‍ നയപ്രഖ്യാപനമെന്ന ഭരണഘടനാ ബാധ്യതയാണ് നിര്‍വഹിച്ചത്. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റി മുഖ്യമന്ത്രിയാണ് പരാജയം സമ്മതിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാറിനെ വിമര്‍ശിക്കാതെ ഗവര്‍ണര്‍ക്കെതിരെ മാത്രം നീങ്ങുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് സുരേന്ദ്രനും ചോദിച്ചു.
അതേസമയം, ഒരു പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തില്‍ വി.ഡി സതീശന് ഒരു ധാരണയുമില്ലെന്ന് ഗവര്‍ണര്‍ പരിഹസിച്ചു. എന്നാല്‍, പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്നതില്‍ അഞ്ച് പാര്‍ട്ടികളില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം ആവശ്യമില്ലെന്ന് വി ഡി സതീശന്‍ ആഞ്ഞടിച്ചു. സ്ഥിരതയില്ലാതെ സംസാരിക്കുന്ന ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ അപമാനകരമെന്നും അഞ്ച് പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച റെക്കോഡൊക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍ക്കുമുണ്ടാകില്ലെന്നാണ് തോന്നുന്നതെന്നും സതീശന്‍ പരിഹസിച്ചു.

