വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല; ഭരണ പ്രതിസന്ധി ഉണ്ടാകാതെ ഗവര്‍ണറെ സര്‍ക്കാര്‍ രക്ഷിക്കുകയാണ് ചെയ്തത്: എ.കെ ബാലന്‍

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യതാസമില്ലെന്ന് വ്യക്തമാക്കി മുന്‍ മന്ത്രി എ കെ ബാലന്‍ രംഗത്ത്. ഒരിക്കലും ഗവര്‍ണറെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഭരണ പ്രതിസന്ധി ഉണ്ടാകാതെ സര്‍ക്കാര്‍ ഗവര്‍ണറെ രക്ഷിക്കുകയാണ് ചെയ്തതെന്നും ബാലന്‍ വ്യക്തമാക്കി. ആര് പറഞ്ഞതാണ് ബാലിശമെന്ന് ജനം തീരുമാനിക്കും. പ്രതിപക്ഷം ആഗ്രഹിച്ചത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയുള്ള മുതലെടുപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

‘ഗവര്‍ണര്‍ക്ക് രണ്ടാം ശൈശവമാണെന്നും, അങ്ങനെ വയസ്സായ കാലത്ത് പലതും പറയുമെന്നും, ഒരു കേക്ക് കൊണ്ടുപോയി വരെ താന്‍ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നും, അതങ്ങനെ കണ്ടാല്‍ മതിയെന്നും എ കെ ബാലന്‍ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍, ‘പേര് ബാലന്‍ എന്നാണെന്ന് കരുതി, ബാലിശമായി സംസാരിക്കരുത്. ഉള്ളിലെ കുട്ടി ഇനിയും വളര്‍ന്നിട്ടില്ലേ? ഇതൊന്നും ശരിയല്ല”, എന്നാണ് ഗവര്‍ണര്‍ പരിഹസിച്ചത്.

അതേസമയം, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിവാദത്തില്‍ മുന്‍മന്ത്രി എ.കെ ബാലനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും പേരെടുത്ത് പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. രാജ്ഭവനെ നിയന്ത്രിക്കാമെന്ന് സര്‍ക്കാര്‍ കരുതിയാല്‍ അത് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ മറുപടി നല്‍കി.