പരമാവധി 1500 പേർക്ക് പങ്കെടുക്കാം; ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കുറയുന്ന പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിച്ചു. പരമാവധി 1500 പേർക്ക് ഉത്സവങ്ങളിൽ പങ്കെടുക്കാൻ ഇനി അനുമതി ഉണ്ടാകും.

ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി അടക്കമുള്ള ഉത്സവങ്ങൾക്കും മതപരമായ ചടങ്ങളുകൾക്കും ഇളവ് ബാധകമാണ്. ആറ്റുകാലിൽ ക്ഷേത്രത്തിന് പുറത്തുള്ളവർ വീടുകളിൽ പൊങ്കാല ഇടണം. 72 മണിക്കൂർ മുമ്പുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് വന്ന് പോയതിൻറെ രേഖകളോ ചടങ്ങുകളിൽ പങ്കെടുക്കുന്നവർ കൊണ്ടുവരണം.

18 വയസ്സിൽ താഴെയുള്ളവരാണെങ്കിൽ രോഗലക്ഷണങ്ങൾ ഉണ്ടായിരിക്കരുത്. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ അങ്കണവാടികളും പ്രവർത്തിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ, ക്രഷുകൾ, കിൻഡർ ഗാർഡൻ ക്ലാസുകൾ തുടങ്ങിയവ തിങ്കളാഴ്ച മുതൽ ഓഫ് ലൈനായി പ്രവർത്തിക്കുകയാണ്. അതിനോടൊപ്പം അങ്കണവാടികളും തുറക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു. അങ്കണവാടികൾ തുടർച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ദോഷം ചെയ്യും. അങ്കണവാടികൾ തുറന്ന് കഴിഞ്ഞാൽ കുട്ടികൾക്ക് നൽകേണ്ട പോഷകാഹാരങ്ങൾ കൃത്യമായി നൽകാനും സാധിക്കും. ചെറിയ കുട്ടികളായതിനാൽ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കർശനമായ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.