ക്രിപ്‌റ്റോ കറന്‍സി നികുതിയില്‍ വ്യക്തത വരുത്തി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്നും ലഭിക്കുന്ന ലാഭത്തില്‍ നിന്നും മാത്രമാണ് സര്‍ക്കാര്‍ നികുതി ഈടാക്കുകയെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇത് നിയമവിധേയമാക്കാനോ നിരോധിക്കാനോ നിലവില്‍ ഉദ്ദേശിക്കുന്നില്ല. നിരോധിക്കണോ വേണ്ടയോ എന്നത് പിന്നീട് ആലോചനകള്‍ നടത്തിയതിന് ശേഷം തീരുമാനിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

‘ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍- 2021’ നേരത്തെ ശീതകാല സമ്മേളനത്തില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, അത് നടപ്പായിരുന്നില്ല. വിഷയം പരിഗണനയില്‍ ഇരിക്കവെയാണ് ക്രിപ്‌റ്റോ കറന്‍സിക്ക് നികുതി ഏര്‍പ്പെടുത്തുന്ന കാര്യം ബജറ്റില്‍ അവതരിപ്പിച്ചത്. അതേസമയം, ബജറ്റ് സമ്മേളനത്തില്‍ പരിഗണിക്കുന്ന പട്ടികയില്‍ ബില്ലിനെ പരാമര്‍ശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം, സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ നിയമ വിധേയമാക്കുന്ന വിഷയത്തില്‍ ആര്‍ബിഐക്ക് കടുത്ത എതിര്‍പ്പുകളാണുള്ളത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പും ആര്‍ബിഐ നേരത്തെ നല്‍കിയിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, സ്വകാര്യ ക്രിപ്റ്റോ ആസ്തികള്‍ 30 ശതമാനം ഫ്‌ലാറ്റ് നിരക്കില്‍ വില്‍ക്കുന്നതിന്റെ ലാഭത്തിന് നികുതി ചുമത്തുകയായിരുന്നു. എന്നാല്‍, ഈ ആസ്തികളുടെ വില്‍പനയില്‍ നിന്നുള്ള നഷ്ടം മറ്റേതെങ്കിലും വരുമാനത്തില്‍ നിന്ന് നികത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.