കണ്ണൂർ: തന്നെ വധിക്കാൻ ശ്രമിച്ച കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കെ സുധാകരനെതിരെ നിയമ നടപടി തുടരുമെന്ന് ഇ പി ജയരാജൻ അറിയിച്ചു.
സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാനുള്ള നടപടി സ്വീകരിക്കും. അപ്പീൽ നൽകാൻ സർക്കാരിനോടും ആവശ്യപ്പെടും. പ്രതികൾക്ക് തന്നോട് നേരിട്ട് വിരോധമില്ല. പിണറായി വിജയനായിരുന്നു അവരുടെ ലക്ഷ്യം. പ്രതികളെ വാടകക്കെടുത്ത് സുധാകരനും സംഘവും ആസൂത്രിതമായി ചെയ്ത സംഭവമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞോയെന്ന് പരിശോധിക്കണം. ഹൈക്കോടതി അവസാനത്തെ കോടതിയല്ല. തെളിവുകൾ ഹാജരാക്കുന്നതിൽ വിജയിച്ചില്ല എന്ന് വേണം മനസ്സിലാക്കാൻ. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

