തന്റെ ബന്ധുക്കളുടെ ജീവൻ അപകടത്തിലാക്കുന്നു; ആംആദ്മി നേതാക്കൾക്കെതിരെ ആരോപണവുമായി സ്വാതി മാലിവാൾ

ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാക്കൾക്കും ഡൽഹി മന്ത്രിമാർക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് എഎപി. രാജ്യസഭാ എംപി സ്വാതി മാലിവാൾ. കാറിന്റെ നമ്പറടക്കം വ്യക്തിപരമായ വിവരങ്ങൾ പരസ്യമാക്കി എഎപി നേതാക്കൾ തന്റെ ബന്ധുക്കളുടെ ജീവൻ അപകടത്തിലാക്കുന്നു എന്നാണ് സ്വാതിയുടെ ആരോപണം.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബിഭവ് കുമാർ തന്നെ ആക്രമിച്ചു എന്ന സത്യം തുറന്നു പറഞ്ഞതിന് തനിക്കെതിരെ ട്രോൾ ആർമികൾ ആക്രമണം നടത്തുകയാണെന്നും സ്വാതി ആരോപിച്ചു. തനിക്കെതിരെ അഴിമതി കേസുണ്ടെന്നും അതിനാൽ ബിജെപിയുടെ ആജ്ഞയ്ക്കനുസരിച്ചാണ് താനിപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നുമാണ് ഡൽഹി മന്ത്രിമാർ കഴിഞ്ഞ ദിവസം മുതൽ ആരോപിക്കുന്നതെന്ന് സ്വാതി വ്യക്തമാക്കി.

2016-ൽ, തന്നെ ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒന്നരവർഷമായി ഹൈക്കോടതി സ്റ്റേ ചെയ്ത കേസാണിത്. പണത്തിന്റെ വിനിമയം ഉണ്ടായിട്ടില്ല എന്ന സത്യം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും സ്വാതി മാലിവാൾ കൂട്ടിച്ചേർത്തു.