സിൽവർ ലൈൻ പദ്ധതി ബജറ്റിന്റെ ഭാഗമായില്ല; ആശങ്കയിലായി സർക്കാർ

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച ബജറ്റിൽ കേരള സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സിൽവർ ലൈൻ പദ്ധതി ഭാഗമായില്ല. പദ്ധതി പ്രാരംഭഘട്ടത്തിലാണെന്നതിനാലാണ് പദ്ധതിയെ ബജറ്റിൽ ഉൾപ്പെടുത്താതിരുന്നതെന്നാണ് വിവരം. കേന്ദ്ര ബഡ്ജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാന സർക്കാർ. റെയിൽവേ വികസനത്തിന്റെ തുടർച്ചയായി പോലും കെ റെയിൽ പദ്ധതി പരിഗണിച്ചിട്ടെന്നാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ വ്യക്തമായിട്ടുള്ള സൂചനകൾ.

കെ റെയിൽ പദ്ധതിയുടെ മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ സർക്കാർ. ധനവകുപ്പ് പണം നൽകിയാൽ തങ്ങളുടെ വിഹിതം നൽകാമെന്ന് ഇന്ത്യൻ റെയിൽവേ സർക്കാരിനും കെ റെയിലിനും ഉറപ്പ് നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. സംസ്ഥാനത്ത് പ്രതിപക്ഷം ഒറ്റക്കെട്ടായി കെ റെയിൽ പദ്ധതിയെ എതിർക്കുന്നതിനാൽ കേന്ദ്ര തീരുമാനം വരും ദിവസങ്ങളിൽ സർക്കാരിന് വെല്ലുവിളിയാകാൻ സാദ്ധ്യതയുണ്ട്.

അതേസമയം 2022 ലെ കേന്ദ്ര ബജറ്റ് കോവിഡ് മഹാമാരി കാരണം പ്രതിസന്ധികൾ നേരിടുന്ന വിവിധ മേഖലകൾക്ക് പ്രതീക്ഷിച്ച ആശ്വാസം പകരുന്നില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വകയിരുത്തൽ 2022-23 സാമ്പത്തിക വർഷത്തിൽ 73,000 കോടി രൂപയാണ്. ഇത് 2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ 25,000 കോടി രൂപ കുറവാണ്. കോവിഡ് കാലഘട്ടത്തിൽ 39000 കോടി രൂപ വാക്സിനേഷനായി നീക്കിവെച്ചിടത്ത് ഇപ്പോൾ 5000 കോടി രൂപമാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. ഭാവിയിലെ ആവശ്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ ഇത് പര്യാപ്തമല്ലാത്ത സാഹചര്യമാണ് സൃഷ്ടിക്കുക. കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവിൽ 4.63 ശതമാനത്തിന്റെ നാമമാത്രമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യ സബ്സിഡി 28 ശതമാനമാണ് വെട്ടിക്കുറിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ പൊതുവിതരണ സംവിധാനത്തെയും ദുർബലപ്പെടുത്തുന്നതിന് ഇടയാക്കുന്ന നടപടിയായിരിക്കും. വളം സബ്സിഡിയിൽ വരുത്തിയ 25 ശതമാനത്തിന്റെ കുറവും നമ്മുടെ കാർഷിക മേഖലയെ ഗൗരവമായി ബാധിക്കുന്ന ഒന്നാണ്. സഹകരണ മേഖലയിലെ നികുതി വിഹിതം കോർപ്പറേറ്റുകൾക്ക് തുല്യമാക്കി മാറ്റിയ നടപടി സഹകരണ മേഖലയെ ഒരു തരത്തിലും സഹായിക്കുന്ന ഒന്നല്ല. ഗ്രാമവികസനത്തിനായി നീക്കിവെച്ചിട്ടുള്ള തുക കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെന്നത് ഗ്രാമീണ വികസനത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.