കാഴ്ച്ചശക്തി വർധിപ്പിക്കും; കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ

ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് കറിവേപ്പില. നേത്രരോഗങ്ങൾ, മുടികൊഴിച്ചിൽ, പ്രമേഹം, കൊളസ്ട്രോൾ, വയറു സംബന്ധിയായ രോഗങ്ങൾ എന്നിവയെ എല്ലാം നിയന്ത്രിക്കാൻ കറിവേപ്പില സഹായിക്കും. കറിവേപ്പിലയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ പതിവായി കറിവേപ്പില ഉൾപ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കാഴ്ച്ചശക്തി വർധിപ്പിക്കാനും കറിവേപ്പില മികച്ചതാണ്.

ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തി ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും കറിവേപ്പില സഹായിക്കും. ദഹനപ്രശ്‌നങ്ങൾക്കും കറിവേപ്പില ഒരു പരിധി വരെ പരിഹാരമാണ്. ചിലതരം ത്വക് രോഗങ്ങൾക്ക് വെളിച്ചെണ്ണയിൽ കറിവേപ്പിലയും മഞ്ഞളും അരച്ചു തേച്ചാൽ ശമനമുണ്ടാകും.

കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിന് ശേഷം കുളിച്ചാൽ പേൻ, ഈര്, താരൻ എന്നിവ നിശ്ശേഷം മാറിക്കിട്ടുന്നതാണ്. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാൽ തലമുടി സമൃദ്ധമായി വളരും. ഈ എണ്ണ തേക്കുന്നതിലൂടെ മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കുകയും ചെയ്യും. കറിവേപ്പില, കറ്റാർവാഴ, മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണ കാച്ചി തലയിൽ തേക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കും.