വിദ്യാര്‍ത്ഥിയുടെ മരണത്തിലെ ആരോപണ വിധേയനായ മുന്‍ പ്രിന്‍സിപ്പലിനെ പരീക്ഷ കണ്‍ട്രോളറാക്കാന്‍ നീക്കം

കോഴിക്കോട്: കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആരോപണ വിധേയനായ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഗോഡ്വിന്‍ സാമ്രാജിനെ പരീക്ഷാ കണ്‍ട്രോളറാക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല നീക്കം. പരീക്ഷക്ക് അവസരം കിട്ടാത്തതിനെ തുടര്‍ന്ന് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലെ പഞ്ചാബ് സ്വദേശിയായ വിദ്യാര്‍ത്ഥി നേരത്തെ ജീവനൊടുക്കിയിരുന്നു. ഈ സംഭവത്തിലെ ആരോപണ വിധേയനാണ് ഗോഡ്‌വിന്‍ സാമ്രാജ്.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്നായിരുന്നു അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍, അധ്യാപകനെതിരെ അന്ന് നടപടിയൊന്നും സ്വീകരിക്കാതെ വൈകിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇടത് അധ്യാപക യൂണിയന്‍ നേതാവായ ഗോഡ്‌വിന്‍ സാമ്രാജിനെ പരീക്ഷാ കണ്‍ട്രോളറാക്കാനുള്ള നീക്കം. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട ഒരു കേസില്‍ അധ്യാപകന് എതിരെ നേരത്തെ നടപടിയെടുത്തിട്ടുണ്ട്.