ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ നോട്ടീസ് അയച്ച് ഡൽഹി വനിതാ കമ്മീഷൻ. ഗർഭിണികളെ സർവീസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയ എസ്ബിഐ നടപടിക്കെതിരെയാണ് ഡൽഹി വനിതാ കമ്മിഷൻ നോട്ടിസ് അയച്ചത്. ചൊവ്വാഴ്ച്ചയോടെ വിഷയത്തിൽ എസ്ബിഐ വിശദീകരണം നൽകണമെന്നാണ് വനിതാ കമ്മിഷൻ നൽകിയിരിക്കുന്ന നിർദ്ദേശം.
മൂന്ന് മാസത്തിന് മുകളിൽ ഗർഭിണികളാണെങ്കിൽ താത്ക്കാലിക അയോഗ്യതയെന്നാണ് എസ്ബിഐ അറിയിച്ചിരുന്നത്. ബാങ്കിന്റെ വിവാദ നടപടി മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. മൂന്നു മാസത്തിൽ കൂടുതൽ ഗർഭിണിയായവർക്ക് ജോലിയും സ്ഥാനക്കയറ്റവും നിഷേധിക്കുന്നതാണ് എസ്ബിഐയുടെ പുതിയ ഉത്തരവ്. ഇത്തരക്കാർ നിയമന, സ്ഥാനക്കയറ്റത്തിന്റെ ലിസ്റ്റിൽ ഉൾപ്പെട്ടാൽ പ്രസവശേഷം നാലുമാസം കഴിഞ്ഞ് നിയമിച്ചാൽ മതിയെന്നും ഗർഭിണിയല്ലെന്ന് ഉറപ്പാക്കാൻ വൈദ്യപരിശോധന നടത്തണമെന്നും എസ്ബിഐ പുറപ്പെടുവിച്ച ഉത്തരവിലുണ്ട്.
ഗർഭധാരണം ജോലിക്ക് നിയമിക്കുന്നതിന് അയോഗ്യതയല്ലെന്ന് വ്യക്തമാക്കി 2009 ൽ എസ്ബിഐ ലോക്കൽ ഓഫിസുകൾക്ക് സർക്കുലർ അയച്ചിരുന്നു. ആറുമാസം ഗർഭിണിയായാലും ജോലിയിൽ പ്രവേശിക്കാമെന്നായിരുന്നു സർക്കുലർ. ഇതിന് വിരുദ്ധമായാണ് ഇപ്പോൾ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

