നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം; പ്രതി പിടിയിൽ

ചെന്നൈ: നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം. നടിയുടെ ചെന്നൈ റോയപേട്ട് ഏരിയയിലെ അപ്പാർട്ട്‌മെന്റിലാണ് മോഷണം നടന്നത്. സംഭവത്തിൽ 19 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ധനുഷ് എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ അഞ്ച് മാസമായി ധനുഷ് നിക്കിയുടെ വീട്ടിലാണ് ജോലി ചെയ്യുന്നത്.

പണവും 40,000 രൂപ വിലവരുന്ന ക്യാമറയും, അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. ജനുവരി 11 നാണ് മോഷണം നടക്കുന്നതെന്നും മോഷണ വസ്തുക്കളുമായി കടന്നുകളഞ്ഞുവെന്നും നടി വ്യക്തമാക്കി.

പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. നടിയുടെ വീട്ടിൽ നിന്നും മോഷണം പോയ സാധനങ്ങളും ഇയാളിൽ നിന്നും പിടിച്ചെടുത്തു. മോഷണ വസ്തുക്കൾ തിരിച്ചുകിട്ടിയത് കൊണ്ട് ധനുഷിന്റെ പേരിലുള്ള പരാതി നടി പിൻവലിച്ചേക്കുമെന്നാണ് റിപ്പോർട്ട്.