സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു; അധ്യാപകർക്കുള്ള പരിശീലനം പൂർത്തിയായി

എറണാകുളം: സംസ്ഥാനത്ത് ഈ അദ്ധ്യയന വർഷം മുതൽ സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. ഇതുമായി ബന്ധപ്പെട്ട് അധ്യാപകർക്കുള്ള പരിശീലനം അടക്കം എല്ലാ നടപടികളും പൂർത്തിയായെന്നാണ് പുറത്തു വരുന്ന വിവരം. കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ മെമ്പർ ഒരു സ്വകാര്യ മാദ്ധ്യമത്തോടാണ് ഇക്കാര്യം അറിയിച്ചത്.

ലൈംഗിക വിദ്യാഭ്യാസത്തിനുള്ള നടപടികൾ ഹൈക്കോടതി ഉറപ്പാക്കിയത് കൗമാര ഗർഭധാരണം വർധിച്ചുവന്ന സാഹചര്യം കണക്കിലെടുത്താണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഗർഭഛിദ്രത്തിനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത് 14 വയസിന് താഴെയുള്ള ഇരുപത് പെൺകുട്ടികളാണ്. ഈ കണക്കുകൾ കൗമാരകാലത്ത് തന്നെ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നുണ്ട്.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വഴി അധ്യാപകർക്ക് പരിശീലനം നൽകി. കുട്ടികളുടെ പ്രായം അനുസരിച്ചാണ് പാഠഭാഗങ്ങൾ. ഹോർമോൺ മാറ്റങ്ങൾ, ഗർഭധാരണം എപ്പോൾ, എങ്ങനെ തുടങ്ങി ലൈംഗിക അതിക്രമം നേരിട്ടാൽ എന്ത് ചെയ്യണം എന്നതും പഠനത്തിന്റെ ഭാഗമായി കുട്ടികൾ മനസിലാക്കും.