‘ബിജെപിയുടെ പദ്ധതികള്‍ ആകര്‍ഷിച്ചിരുന്നു; പ്രധാനമന്ത്രി പ്രചോദനമാണ്’: അപര്‍ണ്ണ യാദവ്‌

ന്യൂഡല്‍ഹി: ബിജെപി അംഗത്വം സ്വീകരിച്ച് മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ്ണ യാദവ്. ‘എന്നെ സംബന്ധിച്ചിടത്തോളം രാജ്യമാണ് പ്രധാനം. എപ്പോഴും ബിജെപിയുടെ പദ്ധതികള്‍ എന്നെ ആകര്‍ഷിച്ചിരുന്നു. ഇനിയും ഇന്ത്യയുടെ നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കും,’ അപര്‍ണ്ണ യാദവ് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കൊരു പ്രചോദനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ‘സമാജ് വാദി പാര്‍ട്ടിയിലെ കുടുംബാംഗങ്ങള്‍ തന്നെ പാര്‍ട്ടിയില്‍ തൃപ്തരല്ലെന്ന് അറിയുന്നത് അമ്പരപ്പുളവാക്കുന്നു. ഞങ്ങള്‍ ബിജെപിയെ വളര്‍ത്തുന്നതില്‍ വിശ്വസിക്കുന്നു. അപര്‍ണ്ണ യാദവിന് ഉത്തര്‍പ്രദേശിലെ യോഗിയെ കുറിച്ചറിയാം, ഇന്ത്യയിലെ നരേന്ദ്രമോദിയെ കുറിച്ചറിയാം,’- ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ചൂണ്ടിക്കാട്ടി.

എന്നാല്‍, തിരഞ്ഞെടുപ്പില്‍ അപര്‍ണ്ണയെ എവിടെ മത്സരിപ്പിക്കും എന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമായിട്ടില്ല. 2017ല്‍ ലഖ്നോ കന്റോണ്‍മെന്റില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവുകയും, 33,796 വോട്ടുകള്‍ക്ക് ബിജെപിയുടെ റിത ബഹുഗുണയോട് അപര്‍ണ്ണ തോല്‍ക്കുകയും ചെയ്തിരുന്നു.