ഐഎന്‍എസ് പൊട്ടിത്തെറി; അപകടകാരണം ഫ്രിയോണ്‍ വാതക ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്‌

നാവികസേനയുടെ ഐഎന്‍എസ് യുദ്ധക്കപ്പല്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ഫ്രിയോണ്‍ വാതകച്ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കപ്പലിലെ ആളൊഴിഞ്ഞ എസി കമ്പാര്‍ട്ട്‌മെന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ആയുധങ്ങള്‍ കൊണ്ടോ യുദ്ധസാമഗ്രികള്‍ കൊണ്ടോ അല്ല പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. കൊളാബാ പൊലീസ് അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും വിശദാന്വേഷണം ആരംഭിക്കുകയും ചെയ്തു.

എസി പ്ലാന്റിന്റെ മുകളിലെ മെസിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ കൃഷ്ണന്‍ കുമാര്‍, മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ സുരേന്ദ്ര കുമാര്‍, ചീഫ് പെറ്റി ഓഫീസര്‍ എകെ സിംഗ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.