ചെന്നൈയിൽ നിന്നു ശ്രീലങ്കയിലേക്ക് കപ്പൽ സർവ്വീസ്; ഓൺലൈൻ ടിക്കറ്റ് വിൽപന ആരംഭിച്ചു

ചെന്നൈ: ചെന്നൈയിൽ നിന്നു ശ്രീലങ്കയിലേക്ക് അധികം വൈകാതെ കപ്പൽ സർവ്വീസ് ആരംഭിക്കും. 2023 ഒക്ടോബറിൽ തമിഴ് നാട്ടിലെ നാഗപട്ടണത്തിൽ നിന്ന് ശ്രീലങ്കയിലെ കങ്കേസന്തുരൈയിലേക്ക് 2 യാത്രാകപ്പൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം ഈ സർവ്വീസ് അവസാനിപ്പിക്കുകയും ചെയ്തു. മെയ് 13 മുതൽ ഈ സർവ്വീസ് വീണ്ടും ആരംഭിക്കും.

യാത്രാ കപ്പലിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് വിൽപന തിങ്കളാഴ്ച മുതൽ ആരംഭിച്ചു. 2023 ഒക്ടോബർ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാഗപട്ടണത്തിൽ നിന്നു കങ്കേസന്തുരൈയിലേക്കുള്ള യാത്രാ കപ്പൽ വിർച്വലി ഫ്‌ലാഗ് ഓഫ് ചെയ്തത്. എന്നാൽ മഴക്കാലത്തെ തുടർന്ന് ഒരു ആഴ്ചയ്ക്കു ശേഷം സർവീസ് അവസാനിപ്പിച്ചു. ആറു മാസത്തെ ഇടവേളയ്ക്കു ശേഷം സർവീസ് വീണ്ടും ആരംഭിക്കുകയാണ്.

ഇത്തവണ മുതൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡ്ശ്രി ഫെറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ‘ശിവഗംഗൈ’ എന്ന കപ്പൽ മുഖാന്തിരം രാജ്യാന്തര സർവീസുകൾ നടത്തും. എല്ലാ ദിവസവും ഈ കപ്പൽ സർവീസ് ഉണ്ടായിരിക്കും. sailindsri.com എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനിൽ ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. മേയ് 13 മുതൽ നവംബർ 15 വരെയുള്ള ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. 4997 രൂപയാണ് നാഗപട്ടണത്തിൽ നിന്ന് കങ്കേസന്തുറൈയിലേക്ക് ചാർജ്. മടക്കയാത്രയ്ക്കുള്ള ചാർജും ഏകദേശം ഇതിനോട് അടുത്താണ്. ശ്രീലങ്കയിലെ ജാഫ്‌ന ജില്ലയിലെ ഒരു തുറമുഖ പ്രദേശമാണ് കങ്കേസന്തുറൈ.