അരവിന്ദ് കേജ്രിവാളിന് തിരിച്ചടി; റിമാൻഡ് കാലാവധി നീട്ടി

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ റിമാൻഡ് കാലാവധി ഈ മാസം 20 വരെ നീട്ടി. ഇടക്കാല ജാമ്യത്തിൽ കേജ്രിവാളിനെ വിട്ടയച്ചാലും മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ അനുവദിക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചു. കേജ്രിവാൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ജാമ്യം അനുവദിക്കാൻ കോടതി തയ്യാറായില്ല.

കേജ്രിവാളിന്റെ ജാമ്യഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാലും മുഖ്യമന്ത്രി എന്ന നിലയിൽ കേജ്രിവാൾ ഫയലുകളിൽ ഒപ്പുവയ്ക്കുമോ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ മനു അഭിഷേക് സിഗ്വിയോട് കോടതി ചോദിച്ചു. മദ്യനയ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ തീരുമാനം എടുക്കില്ല എന്നായിരുന്നു സിംഗ്വി മറുപടി നൽകിയത്.

കേജ്രിവാൾ ഒരു സ്ഥിരം കുറ്റവാളിയല്ലെന്നും ഇപ്പോൾ ഇലക്ഷൻ സമയമാണെന്നും ഇടക്കാല ജാമ്യത്തിൽ വിട്ടയക്കുന്നത് പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.