ന്യൂഡൽഹി: യാദൃച്ഛികമായി റൂട്ട് മാറ്റിയതാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായതെന്ന പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ്ങ് ഛന്നിയുടെ പ്രതികരണത്തിൽ നിറയെ പൊരുത്തക്കേടുകൾ. പ്രധാനമന്ത്രിയുടെ സഞ്ചാരപാതയെ കുറിച്ച് മുൻകൂട്ടി ഫുൾ റിഹേഴ്സൽ നടത്തിയിരുന്നു. യാത്ര റൂട്ട് സംബന്ധിച്ച് പ്രത്യേക സുരക്ഷാ സേനയുടെ പ്രോട്ടോക്കോൾ അനുസരിച്ച് പഞ്ചാബ് പൊലീസ് ഫുൾ റിഹേഴ്സൽ നടത്തിയിരുന്നുവെന്നാണ് വിവരം.
പഞ്ചാബിൽ റോഡ് മാർഗമുള്ള യാത്രയ്ക്കിടെ കർഷകരെന്ന പേരിൽ പ്രതിഷേധക്കാർ വഴി തടഞ്ഞതിനെ തുടർന്നാണ് 20 മിനിറ്റോളം ഫ്ളൈ ഓവറിൽ പ്രധാനമന്ത്രിയും വാഹനവ്യൂഹവും കുടുങ്ങിയത്. തുടർന്ന് അദ്ദേഹം പഞ്ചാബിലെ റാലി മോദി റദ്ദാക്കിയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിനെതിരെ ആഭ്യന്തര മന്ത്രാലയം വിമർശനം ഉന്നയിച്ചിരുന്നു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്ക് റോഡിൽ കിടക്കേണ്ടി വന്നത് കോൺഗ്രസ് സർക്കാർ മന:പൂർവം സൃഷ്ടിച്ച വീഴ്ചയാണെന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തൽ.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദർശിക്കുന്നതിന് വേണ്ടിയാണ് ബട്ടിൻഡയിൽ എത്തിയത്. ഡിജിപി പഞ്ചാബ് പോലീസിന്റെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സ്ഥിരീകരിച്ചതിന് ശേഷമാണ് മോദി റോഡ് മാർഗം യാത്ര ആരംഭിച്ചത്. സ്മാരകത്തിന് 30 കിലോമീറ്റർ അകലെ വെച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഒരു മേൽപ്പാലത്തിൽ എത്തിയപ്പോൾ പ്രതിഷേധക്കാർ റോഡ് തടയുകയായിരുന്നു.
കാലാവസ്ഥ മോശമായതിനാലാണ് വിമാനത്തിന് പകരം റോഡ് മാർഗ്ഗം പോകാമെന്ന് പ്രധാനമന്ത്രി തീരുമാനിച്ചത്. സുരക്ഷാ വീഴ്ച്ചയെ തുടർന്ന് പ്രധാനമന്ത്രി 20 മിനിറ്റോളം നേരമാണ് ഫ്ളൈ ഓവറിൽ കുടുങ്ങിയത്. തുടർന്ന് പ്രധാനമന്ത്രി രാജ്ഭവനിലേക്കും പിന്നീട് വിമാനത്താവളത്തിലേക്കും മടങ്ങുകയായിരുന്നു.

